സുരക്ഷ അല്പം പോലുമില്ല!
Saturday, July 26, 2025 2:43 AM IST
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ശക്തമായ സുരക്ഷയാണെന്നു ജയിൽ അധികൃതർ ആവർത്തിച്ചു പറയുന്പോഴും അത്യാവശ്യം വേണ്ട സുരക്ഷപോലുമില്ലാതെ കണ്ണൂർ സെൻട്രൽ ജയിൽ.
ജയിൽ വളപ്പിലെ കൂറ്റൻ മതിലിനുമുകളിൽ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു പ്രവർത്തനക്ഷമമല്ലെന്നതു ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഗോവിന്ദച്ചാമി രക്ഷപ്പെടാൻ തെരഞ്ഞെടുത്ത മതിലിന്റെ ഭാഗത്തുകൂടി ഇതിനു മുന്പും തടവുകാർ രക്ഷപ്പെട്ടിരുന്നു. ഇവിടെ നിരീക്ഷണം ശക്തമാക്കാൻ നടപടി വേണമെന്ന നിർദേശം ഉയർന്നിരുന്നെങ്കിലും പ്രത്യേകിച്ച് ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല.
15 വർഷം മുന്പ് ജയിലിൽ കൂടുതൽ വാച്ച് ടവറുകൾ സ്ഥാപിച്ച് പാരാമിലിട്ടറി സൈനികരെ സുരക്ഷയ്ക്കായി നിയോഗിക്കണമെന്നു നിർദേശമുണ്ടായിരുന്നു. ഇതു പ്രകാരം ഗോവിന്ദച്ചാമി പുറത്തേക്കു കടന്ന മതിലിന്റെ ഭാഗത്തുൾപ്പെടെ വാച്ച് ടവറുകളുടെ പ്രവൃത്തിയും ആരംഭിച്ചെങ്കിലും ഇനിയും പൂർത്തിയാക്കിയിട്ടില്ല.
ഓരോ ഘട്ട പ്രവൃത്തി പൂർത്തീകരിക്കുന്പോഴും ലഭിക്കേണ്ട പണം കുടിശികയായതിനെത്തുടർന്ന് ഒടുവിൽ കരാറുകാരൻ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇതോടുകൂടി പണിയും നിലച്ചു. ജയിൽ തടവുകാരുടെ നിരീക്ഷണത്തിനായി സിസിടിവി കാമറകൾ ഉണ്ടെങ്കിലും ഇത് വേണ്ട രീതിയിൽ നിരീക്ഷിക്കാൻ പോലും ജീവനക്കാർ താത്പര്യം കാട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്.
തടവുകാരുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരില്ല...
കണ്ണൂർ സെൻട്രൽ ജയിലിൽ 1060 തടവുകാരാണ് നിലവിലുള്ളത്. എന്നാൽ തടവുകാരുടെ എണ്ണത്തിന് ആനുപാതികമായി ജയിൽ ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലെന്നത് കണ്ണൂർ സെൻട്രൽ ജയിലിന്റെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 150 അസി. പ്രിസൺ ഓഫീസർമാർ വേണ്ടിടത്ത് നിലവിൽ 130 പേർ മാത്രമാണ് ഉള്ളത്. ഇവരിൽ പലരെയും ജയിൽ അനുബന്ധ സ്ഥാപനങ്ങളായ പെട്രോൾ പന്പ്, ചപ്പാത്തി വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കു നിയോഗിക്കുന്പോൾ ജയിലനകത്ത് ജോലിചെയ്യുന്നവരുടെ എണ്ണം പിന്നെയും കുറയുകയാണ്.
തടവുകാരെ ആശുപത്രിയിലേക്കടക്കം അത്യാവശ്യമായി കൊണ്ടുപോകേണ്ടി വരുന്പോൾ പോലും ആവശ്യത്തിനു ജീവനക്കാരെ നിയോഗിക്കാനാകുന്നില്ല. ഇക്കാരണം കൊണ്ട് അഞ്ചും ആറും പേരെ ഒന്നിച്ച് രണ്ടോ മൂന്നോ ജീവനക്കാർക്കൊപ്പമാണ് ആശുപത്രിയിലേക്കയച്ച് ചികിത്സ ലഭ്യമാക്കുന്നത്. നിലവിലെ ജീവനക്കാർ അധികസമയം ജോലി ചെയ്താണു പലപ്പോഴും ജയിൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.
സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കണമെന്ന് ജയിൽ ജീവനക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ലെന്നും ആരോപണമുണ്ട്
ആളെ തിരിച്ചറിയാതിരിക്കാനും മുന്നൊരുക്കം; താടിയും മുടിയും നീട്ടിയതും അന്വേഷിക്കും
ജയിൽ ചാടാനും രക്ഷപ്പെട്ടാൽ ആളുകൾ തിരിച്ചറിയാതിരിക്കാനും ഗോവിന്ദച്ചാമി മുന്നൊരുക്കം നടത്തി. താടിയും മുടിയും വളർത്തിയത് ഇതിന്റെ ഭാഗമായാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. എന്നാൽ ഗോവിന്ദച്ചാമിക്ക് എങ്ങനെ താടിയും മുടിയും വളർത്താനായി എന്നതും പോലീസ് അന്വേഷിക്കും. മുടി നിർബന്ധമായും നിശ്ചിത ദിവസത്തെ ഇടവേളയ്ക്കുള്ളിൽ മുറിക്കുകയും വേണം. താടിയും മുടിയും നീട്ടിവളർത്താൻ ആരാണ് അനുവാദം നൽകിയതെന്ന കാര്യത്തിൽ ദുരൂഹതയുണ്ട്.
കൂടാതെ തടവുകാരെ കായിക പരിശീലനത്തിന് ഇറക്കുന്പോൾ ഗോവിന്ദച്ചാമി അസാമാന്യ അഭ്യാസ പ്രകടനങ്ങളായിരുന്നു നടത്തുന്നതത്രേ. കായികപരിശീലന സമയങ്ങളിൽ മറ്റുള്ളവരെ അദ്ഭുതപ്പെടുത്തുന്ന തരത്തിലുള്ള കായികക്ഷമത കാട്ടിയിരുന്നു.
സാധാരണ നല്ലരീതിയിൽ ഭക്ഷണം കഴിച്ചിരുന്ന പ്രതി കഴിഞ്ഞ കുറച്ചുമാസമായി ഭക്ഷണത്തിന്റെ അളവു കുറയ്ക്കുകയും ചെയ്തിരുന്നു.
തടി കുറച്ച് സെല്ലിലെ കന്പികൾ മുറിച്ച വിടവിലൂടെ പുറത്തിറങ്ങാനുള്ള നീക്കമായിരുന്നിതെന്നുമാണു വിലയിരുത്തൽ.