വിഎസിന് ഉചിതമായ സ്മാരകം നിർമിക്കും: എം.വി. ഗോവിന്ദൻ
Saturday, July 26, 2025 2:44 AM IST
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് സിപിഎം ഉചിതമായ സ്മാരകം നിർമിക്കുമെന്നു പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കുന്ന നേതാവാണ് വിഎസ്. ഇതിന്റെ തെളിവാണു ലക്ഷങ്ങൾ അണിനിരന്ന വിലാപയാത്ര. അനശ്വരനായി വിഎസ് ഇപ്പോഴും നമുക്കൊപ്പം ജീവിക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുത്ത എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. മാധ്യമങ്ങൾ നല്ല നിലയിൽ പ്രവർത്തിച്ചെന്നും നന്ദിയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
വിഎസ് അവസാനത്തെ കമ്യൂണിസ്റ്റാണെന്നും കമ്യൂണിസം തന്നെ ഇല്ലാതാകുകയാണെന്നുമുള്ള തെറ്റായ പ്രചരണം നടക്കുന്നു. ഇഎംഎസും എകെജിയും മരിച്ചപ്പോൾ ഇതേപോലെ പ്രചാരണം നടന്നു. സിപിഎമ്മിന്റെ ആശയവും സ്വപ്നവും തന്നെയാണു വിഎസിന്റെ ആശയവും സ്വപ്നവുമായിരുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ 10 വരെ സംസ്ഥാനത്ത് അനുശോചന യോഗങ്ങൾ ചേരും. ഒന്നിനു തിരുവനന്തപുരത്ത് വിപുലമായ അനുശോചന യോഗം സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.എസ്. അച്യുതാനന്ദനു ക്യാപ്പിറ്റൽ പണിഷ്മെന്റ് നൽകണമെന്നു സംസ്ഥാന സമ്മേളനത്തിൽ എം. സ്വരാജ് പറഞ്ഞെന്ന പിരപ്പൻകോട് മുരളിയുടെ ആരോപണം ശുദ്ധ അസംബന്ധവും തോന്നിയവാസവുമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വരാജ് അങ്ങനെയൊരു പരാമർശം നടത്തിയില്ലെന്നു വിഎസ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചു തെറ്റായ പ്രചാരവേല നടത്തുകയാണ്.
അടുത്തിടെ പ്രസിദ്ധീകരിച്ച മുരളിയുടെ പുസ്തകത്തിനു പ്രചാരം കിട്ടാൻ വേണ്ടിയാണ് അയാൾ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഗോവിന്ദൻ അരോപി ച്ചു.