സ്കൂൾ സമയമാറ്റം ; തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്ന് സർക്കാർ
Saturday, July 26, 2025 3:02 AM IST
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാനത്ത് ഹൈസ്കൂൾ വിഭാഗം ക്ലാസുകൾക്ക് ഏർപ്പെടുത്തിയ പുതിയ സമയക്രമം തുടരുമെന്ന് വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ രാവിലെയും വൈകുന്നേരവുമായി 30 മിനിറ്റ് അധിക അധ്യയന സമയം ഉൾപ്പെടുത്തിയാണ് പീരീഡുകൾ ക്രമീകരിച്ചത്. വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സർക്കാർ തീരുമാനവുമായി മുന്നോട്ടുപോകുമെന്നും ഇതിനെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തുവെന്നും മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു.
തീരുമാനത്തിൽ ചിലർ അഭിപ്രായവ്യത്യാസം അറിയിച്ചിരുന്നു. ഇവരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. അടുത്ത അക്കാദമികവർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അപ്പോഴത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.
സിഎംഎസ്, കെപിഎസ്എംഎ, എയിഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ, മദ്രസ ബോർഡ്, മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി, എൽഎംഎസ്, എസ്എൻ ട്രസ്റ്റ് സ്കൂൾസ്, എസ്എൻഡിപി യോഗം സ്കൂൾസ്, കേരള എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ, സമസ്ത ഇകെ വിഭാഗം, എപി വിഭാഗം, എൻഎസ്എസ് എന്നീ സംഘടനകളുമായാണ് മന്ത്രി ചർച്ച നടത്തിയത്.