വിനോദസഞ്ചാരിക്ക് കൊക്കയിൽ വീണ് ദാരുണാന്ത്യം
Saturday, July 26, 2025 1:01 AM IST
കാഞ്ഞാർ: വിനോദസഞ്ചാരി കാൽ വഴുതി കൊക്കയിൽ വീണ് മരിച്ചു. റിട്ട. കെഎസ്ഇബി എൻജിനിയർ എറണാകുളം തോപ്പുംപടി ചക്കുങ്കൽ (കുത്തുക്കാട്ട്) തോബിയാസ് (സജി-58) ആണ് മരിച്ചത്. കാഞ്ഞാർ-വാഗമണ്‍ റോഡിൽ പുത്തേടിന് സമീപത്തെ ചാത്തൻപാറ വ്യൂ പോയിന്റിൽ വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം.
വാഗമണ്‍ സന്ദർശിച്ച് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ സംഘം കാർ നിർത്തി വ്യൂ പോയിന്റിനു സമീപം ഇറങ്ങി. ഇതിനിടെ റോഡിന്റെ അരികിലേക്ക് മാറിയ തോബിയാസ് കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെത്തുടർന്ന് മൂലമറ്റം, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി.മഴയും കോടമഞ്ഞും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.
അസ്ക ലൈറ്റ് ഉൾപ്പെടെ സ്ഥാപിച്ച് പിന്നീട് ഉദ്യോഗസ്ഥർ വടം ഉപയോഗിച്ച് സാഹസികമായി വഴുവഴുപ്പും മുൾച്ചെടികളുമുള്ള കൊക്കയിൽ ഇറങ്ങുകയായിരുന്നു. മണിക്കൂറുകൾ നീണ്ട അന്വേഷണത്തിലാണ് 350 അടി താഴ്ചയിൽ തോബിയാസിനെ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ മൂന്നോടെ റോഡിൽ എത്തിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു.
പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്കാരം ഇന്ന് രണ്ടിന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
കെഎസ്ഇബിയിൽ നിന്നു വിരമിച്ച ശേഷം വാട്ടർ അഥോറിട്ടിയിൽ സ്പെഷൽ ഓഫീസറായി ജോലി നോക്കി വരികയായിരുന്നു തോബിയാസ്. ഭാര്യ മോളിജ (എക്സിക്യൂട്ടീവ് എൻജിനിയർ കെഎസ്ഇബി, എറണാകുളം). മക്കൾ: ജോമോൻ (കാനഡ), ജാൽബിൻ (രാജഗിരി കോളജ്).