കേരള ഗ്രേസ് മാർക്ക് വിവാദം: ഫയലുമായി വരാൻ മിനി കാപ്പനോട് ഗവർണർ
Saturday, July 26, 2025 2:43 AM IST
തിരുവനന്തപുരം: കേരള സർവകലാശാലാ കലോത്സവ ഗ്രേസ് മാർക്ക് വിവാദത്തിൽ ഇതുമായി ബന്ധപ്പെട്ട ഫയലുകളുമായി ഇന്നു വരാൻ രജിസ്ട്രാറുടെ ചുമതലയുള്ള ഡോ. മിനി കാപ്പനോടു ഗവർണർ.
കേരള സർവകലാശാലയിലെ രജിസ്ട്രാറായിരുന്ന ഡോ. കെ.എസ്. അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത ശേഷം മിനി കാപ്പനു പകരം ചുമതല വൈസ് ചാൻസലർ നൽകിയിരുന്നു. എന്നാൽ, കേരള സർവകലാശാലാ വിസിയുടെ നടപടി അംഗീകരിക്കാതെ അനിൽകുമാർ സർവകലാശാലയിൽ എത്തിയത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഇന്ന് രാജ്ഭവനിൽ നടത്തുന്ന ഹിയറിംഗിൽ ഫയലുകളുമായി എത്താനാണ് മിനി കാപ്പനുള്ള നിർദേശം. കൂടുതൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് അനുകൂല്യം ലഭിക്കുന്നതിന് കലോത്സവത്തിന്റെ ഗ്രൂപ്പ് മത്സരങ്ങളിൽ ഒന്നിൽ കൂടുതൽ ഗ്രൂപ്പുകളെ വിജയികളായി പ്രഖ്യാപിച്ചത്.
വൈസ് ചാൻസലർ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. ഇതിൽ ചാൻസലറെ കൂടി എതിർകക്ഷിയാക്കി വിദ്യാർഥികൾ ഹർജി നൽകി. ഇതിലാണ് ഹിയറിംഗ്. എംജി സർവകലാശാലായിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ഇൻക്രിമെന്റ് തടഞ്ഞെന്ന പരാതിയിലും ഹിയറിംഗ് നടത്തും.