ജയിൽ ഉദ്യോഗസ്ഥർ തടവുകാരുടെ തടവറയിലെന്ന് സണ്ണി ജോസഫ്
Saturday, July 26, 2025 1:01 AM IST
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം ജയില്‍വകുപ്പിന്റെ ദയനീയ പരാജയം വ്യക്തമാക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഡിസിസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മുകാരായ ക്രിമിനല്‍ കേസുകളിലെ തടവുകാരുടെ താവളമാണ്. ജയിൽ ഉദ്യോഗസ്ഥർ ഇവരുടെ തടവറയിലാണ്. സിപിഎം പ്രതികൾക്ക് എല്ലാ സൗകര്യവും ഇവിടെ ലഭിക്കുന്നു. ആ സൗകര്യം ഗോവിന്ദച്ചാമിയെ പോലുള്ള കൊടുംകുറ്റവാളികളും പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ജയിലില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കു പ്രതികളുടെ ഭീഷണിയുണ്ട്. അതുകൊണ്ടുതന്നെ പ്രതികള്‍ക്കു നിയന്ത്രണങ്ങള്‍ക്കു പകരം അനാവശ്യ സ്വാതന്ത്ര്യം നല്കുന്നു. ഒരു അച്ചടക്കവും അവിടെ പാലിക്കപ്പെടുന്നില്ല. അതിനു പ്രകടമായ ഉദാഹരണമാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം.
ഗുരുതരമായ സുരക്ഷാവീഴ്ചയാണുണ്ടായത്. ജയില്‍ വകുപ്പ് അതിന് ഉത്തരം പറയണം. ഉത്തരവാദികളായ ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടിയെടുക്കണം. ഗോവിന്ദച്ചാമിക്കു ജയില്‍ ചാടാന്‍ അകത്തുനിന്നു സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ടാണ് പോലീസിന് ഗോവിന്ദച്ചാമിയെ പിടികൂടാനായത്. ഇനിയും ഇത്തരം സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം പല ഘട്ടത്തിലും ജയില്‍ വകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ കുറ്റകരമായ മൗനം പാലിച്ചുകൊണ്ട് അകത്തുള്ള പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടികളാണ് സര്‍ക്കാരിന്റെയും ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.