റോഡിലെ കുഴി: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
Saturday, July 26, 2025 2:43 AM IST
കൊച്ചി: ഹെല്‍മെറ്റ് വയ്ക്കണമെന്ന നിയമം കൊണ്ടുവന്ന സര്‍ക്കാരിന് റോഡിലെ കുഴികള്‍ ഉണ്ടാക്കുന്ന മരണത്തിനും പരിക്കിനും എന്ത് ഉത്തരമാണുള്ളതെന്ന് ഹൈക്കോടതി.
റോഡുകള്‍ നന്നാക്കാന്‍ യാതൊരു നടപടിയുമില്ല. മരണങ്ങള് വര്ധിക്കാനാണോ കാത്തിരിക്കുന്നതെന്നും കോടതി ചോദിച്ചു. റോഡിലെ കുഴികളില്‍ വീണ് അപകടങ്ങളും മരണങ്ങളും വര്‍ധിക്കുന്നതില്‍ കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു.
ബന്ധപ്പെട്ട എന്‍ജിനിയര്‍മാര്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കേണ്ടിവരുമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന് മുന്നറിയിപ്പ് നല്കി. തൃശൂരില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു കോടതി വിമര്‍ശനമുന്നയിച്ചത്.
റോഡിലൊഴുകുന്ന ചോരയും അനാഥമാകുന്ന കുടുംബങ്ങളുടെ കണ്ണീരും കണ്ടില്ലെന്നു നടിക്കാനാകില്ല. ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടും അധികാരികള്‍ക്ക് കണ്ണ് തുറക്കാനും ഹൃദയത്തില്‍ ഏറ്റുവാങ്ങാനും കഴിയാത്തതെന്തെന്നും കോടതി ചോദിച്ചു.
സംസ്ഥാനത്തെ മിക്ക റോഡുകളും കുഴികള്‍ നിറഞ്ഞ് അപകടാവസ്ഥയിലാണ്. ഇതു പരിശോധിച്ച് പരിഹാരമുണ്ടാക്കേണ്ട എന്‍ജിനിയര്‍മാരെ വഴിയില്‍ കാണുന്നില്ല. എന്തിനാണ് ഇവര്‍ക്കു ശമ്പളം കൊടുക്കുന്നതെന്ന് കോടതി വാക്കാല്‍ ചോദിച്ചു.
കുഴിയുണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കാണുന്നതാണ് എന്‍ജിനിയര്‍മാരുടെ കഴിവ്. അല്ലാതെ കുഴി എങ്ങനെയെങ്കിലും മൂടുന്നതല്ലെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് പറഞ്ഞു. തൃശൂരിലെ രണ്ടാമത്തെ അപകടം കുഴി കാരണമല്ലെന്നും ഓവര്‍ടേക്കിംഗിനിടെ തെന്നിയതാണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ആദ്യസംഭവത്തില്‍ പോലും തുടര്‍നടപടിയുണ്ടായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ ചൊവ്വാഴ്ച വിശദീകരണം നല്‍കണം.