അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളിൽ ഈ വർഷം സബ്ജക്ട് മിനിമം മാർക്ക്
Saturday, July 26, 2025 2:43 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സകൂളുകളിൽ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളിൽ ഈ വർഷം സബ്ജക്ട് മിനിമം മാർക്ക് നടപ്പാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കഴിഞ്ഞവർഷം എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ വേണ്ട 86,000 വിദ്യാർഥികൾക്ക് അത് നൽകാനും കഴിഞ്ഞതായി പാഠപുസ്തക പരിഷ്കരണ ജനകീയ ചർച്ചയിൽ മന്ത്രി വ്യക്തമാക്കി.
ജനകീയ പിന്തുണയോടെ തന്നെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയും നടപ്പിലാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. 10-ാം ക്ലാസ് വരെയുള്ള പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ പാഠപുസ്തകം പരിഷ്കരിക്കാൻ സർക്കാർ തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി തയാറാക്കിയ 80 ടൈറ്റിൽ പാഠപുസ്തകങ്ങളാണ് പരിഷ്കരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.