സൗമ്യയുടെ വീടിനു കാവൽ
Saturday, July 26, 2025 2:43 AM IST
ഷൊർണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ വാർത്ത പ്രചരിച്ചയുടൻ സൗമ്യയുടെ വീടിനു പോലീസ് സംരക്ഷണം ഏർപ്പെടുത്തി.
സൗമ്യയെ ട്രെയിൻയാത്രയ്ക്കിടെ പുറത്തേക്കു വലിച്ചെറിഞ്ഞ് അതിക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ക്രിമിനലാണു ഗോവിന്ദച്ചാമി.
സൗമ്യയുടെ അമ്മ സുമതിയാണ് ഇപ്പോൾ വീട്ടിലുള്ളത്. രണ്ടുമാസം മുമ്പാണ് സഹോദരൻ മരിച്ചത്. ഗോവിന്ദച്ചാമി സൗമ്യയുടെ വീട്ടിൽ എത്താനുള്ള സാഹചര്യം കണക്കിലെടുത്താണു ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സംരക്ഷണം ഏർപ്പെടുത്തിയത്. ഗോവിന്ദച്ചാമി പിടിയിലായതോടെ പോലീസ് കാവൽ പിൻവലിച്ചു.
ആ ക്രൂരകൃത്യം...
2011 ഫെബ്രുവരി ഒന്നിനാണ് കേരളത്തെ നടുക്കിയ ക്രൂരകൃത്യം നടന്നത്. ട്രെയിൻയാത്രയ്ക്കിടെ ടെക്സ്റ്റൈൽ ജീവനക്കാരിയായ സൗമ്യയെ ഗോവിന്ദച്ചാമി ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജോലികഴിഞ്ഞു സൗമ്യ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. തൃശൂർ കഴിഞ്ഞപ്പോൾ ആളൊഴിഞ്ഞ കമ്പാര്‍ട്ട്മെന്റിൽ അതിക്രമിച്ചുകടന്നാണു ഗോവിന്ദച്ചാമി അതിക്രൂരമായി സൗമ്യയെ ആക്രമിച്ചത്.