പഞ്ചദിന സത്യഗ്രഹസമരം 28 മുതൽ
Saturday, July 26, 2025 1:01 AM IST
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ 28 മുതൽ ഓഗസ്റ്റ് ഒന്നുവരെ സെക്രട്ടേറിയറ്റിനുമുന്നിൽ പഞ്ചദിന സത്യഗ്രഹസമരം നടത്തുമെന്നു സംസ്ഥാനസെക്രട്ടറി കെ. മുരളീധരൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കരാറുകാർക്കു ലൈസൻസ് അനുവദിക്കുന്നതിന്റെ കാലതാമസം ഒഴിവാക്കുക, മണൽവാരൽ ഉടൻ ആരംഭിക്കുക, സൈറ്റ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക, ക്വാറി ഉത്പന്നങ്ങളുടെ വില ഏകീകരിക്കുക, ക്വാറി മാഫിയകളെ നിലയ്ക്കുനിർത്തുക, കെ സ്മാർട്ടിലെ അപാകതകൾ പരിഹരിക്കുക, നിർമാണത്തൊഴിലാളികളുടെ പെൻഷൻകുടിശിക വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സത്യഗ്രഹസമരം.
അസംസ്കൃതവസ്തുക്കൾ ഇതരസംസ്ഥാനങ്ങളിൽനിന്നാണു കൊണ്ടുവരുന്നത്. ഇത് അവശ്യവസ്തുക്കളുടെ വിലവർധനവിനു കാരണമാകുന്നു. വിലക്കയറ്റംകാരണം തുടക്കത്തിൽ നിശ്ചയിച്ച തുകയ്ക്കു നിർമാണം പൂർത്തിയാക്കാനാകുന്നില്ല. ഇറക്കുമതി നിയന്ത്രിക്കുന്നതു മാഫിയകളാണെന്നും ഭാരവാഹികൾ പറഞ്ഞു.