കോഴിഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റു മരിച്ചു
Saturday, July 26, 2025 2:44 AM IST
കൽപ്പറ്റ: വയനാട്ടിലെ വാഴവറ്റ കരിങ്കണ്ണിക്കുന്നിൽ കോഴിഫാമിൽ സഹോദരങ്ങളായ രണ്ടു പേർ ഷോക്കേറ്റു മരിച്ചു. പൂവന്നിക്കുന്നേൽ വർക്കി-മോളി ദന്പതികളുടെ മക്കളായ അനൂപ് (38), ഷിനു (35) എന്നിവരാണു മരിച്ചത്.
വീടിനു കുറച്ചകലെ പാട്ടത്തിനെടുത്തു നടത്തുന്ന കോഴിഫാമിൽ ഇന്നലെ രാവിലെയാണ് ഇരുവരെയും അനക്കമറ്റ നിലയിൽ കണ്ടത്. ഉടൻ അനൂപിനെ കൽപ്പറ്റ ലിയോ ആശുപത്രിയിലും ഷിനുവിനെ കൈനാട്ടി ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഫാമിൽ നായകളും മറ്റും കയാറാതിരിക്കുന്നതിനു സ്ഥാപിച്ച വൈദ്യുതവേലിയിൽനിന്നു ഷോക്കേറ്റാണു മരണമെന്നാണു പ്രാഥമിക നിഗമനം. കെഎസ്ഇബി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമായില്ല.
കോഴിക്കുഞ്ഞുങ്ങൾക്ക് തീറ്റയും വെള്ളവും കൊടുക്കുന്നതിനു സഹോദരങ്ങൾ രാത്രി കോഴിഫാമിൽ തങ്ങിയിരുന്നു. ഇന്നലെ രാവിലെ ഫാം തൊഴിലാളികളിൽ ഒരാൾ ഫോണ് ചെയ്തപ്പോൾ പ്രതികരണം ഉണ്ടായില്ല. പന്തികേടു തോന്നി തൊഴിലാളി ഫാമിൽ എത്തിയപ്പോഴാണ് ഇരുവരെയും കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടത്.
ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങൾ വൈകുന്നേരം വീട്ടിലെത്തിച്ചു. സംസ്കാരം ഇന്നു രാവിലെ 11ന് തെനേരി ഫാത്തിമമാതാ പള്ളിയിൽ. വർക്കി-മോളി ദന്പതികൾക്ക് മറ്റു മക്കളില്ല. ജിൻസി ജോസഫാണ് അനൂപിന്റെ ഭാര്യ. മകൻ: എഡ്സണ്. ഷിനു അവിവാഹിതനാണ്.