ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ്: നൈജീരിയൻ പൗരന് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും
Saturday, July 26, 2025 2:43 AM IST
കൽപ്പറ്റ: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് കൽപ്പറ്റ സ്വദേശിനിയിൽനിന്നു 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ പൗരന് 12 വർഷം തടവും 17 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഇക്കണ്ണ മോസസിനെയാണ് (28)ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി എ.ബി. അനൂപ് ശിക്ഷിച്ചത്.
ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് കബളിപ്പിച്ചതിനും കാനഡ എംബസിയുടെ വ്യാജ വീസയടക്കം രേഖകൾ നിർമിച്ചതിനും അഞ്ചു വർഷം വീതവും വ്യാജ രേഖകൾ അസൽ ആണെന്നു തെറ്റിദ്ധരിപ്പിച്ച് പരാതിക്കാരിക്ക് അയച്ചു നൽകിയതിനു രണ്ടു വർഷവുമാണു തടവുശിക്ഷ. പിഴസംഖ്യ പരാതിക്കാരിക്കു നൽകാനും തടവ് ഒരുമിച്ചു അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവായി.
കാനഡയിൽ മെഡിക്കൽ കോഡർ ജോലി വാഗ്ദാനം നൽകിയാണ് ഇക്കണ്ണ മോസസ് തട്ടിപ്പ് നടത്തിയത്. 2023 ഡിസംബറിൽ ബംഗളൂരുവിൽനിന്നു വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതി ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല.