കണ്ണൂർ സെൻട്രൽ ജയിൽ ഭരണം നിയന്ത്രിക്കുന്നത് സിപിഎം തടവുകാർ
Saturday, July 26, 2025 1:01 AM IST
കണ്ണൂർ: സംസ്ഥാനം ഭരിക്കുന്നത് ഏതു മുന്നണിയായാലും കണ്ണൂർ സെൻട്രൽ ജയിൽ ഭരണം എല്ലാക്കാലത്തും നിയന്ത്രിക്കുന്നതു സിപിഎം തടവുകാർ.
ജയിലിനകത്ത് സിപിഎം തടവുകാർ സംഘടിതരുമാണെന്നതിനാൽ ജീവനക്കാർക്കും ഇവരെ ഭയമാണ്. ഇതിനൊപ്പം സംസ്ഥാന ഭരണം എപ്പോഴൊക്കെ എൽഡിഎഫിനു ലഭിക്കുന്നുവോ അപ്പോഴൊക്കെ ഇവർ തങ്ങളുടെ അപ്രമാദിത്തം ജീവനക്കാരുടെമേൽ ശക്തമാക്കുകയും ചെയ്യും.
സിപിഎം തടവുകാരുടെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നിൽ ജയിൽ നിയമങ്ങളെല്ലാം കാറ്റിൽ പറക്കുന്നതും കണ്ണൂരിൽ പുതുമയല്ല. സർക്കാർ ജീവനക്കാർക്ക് കക്ഷിരാഷ്ട്രീയം പാടില്ലെന്നാണു സർവീസ് നിയമങ്ങളെങ്കിലും സിപിഎം തടവുകാർക്കു സൗകര്യങ്ങളൊരുക്കുന്നതിൽ പാർട്ടിയോട് ആഭിമുഖ്യമുള്ള ജീവനക്കാർ മത്സരിച്ചാണു പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.
ഭരണത്തിന്റെ സ്വാധീനത്തിൽ സിപിഎം തടവുകാർതന്നെയാണ് ഏതൊക്കെ തടവുകാർ ഏതൊക്കെ ജോലി ചെയ്യണം, ജീവനക്കാരെ എവിടേക്കു ഡ്യൂട്ടിക്കു നിയോഗിക്കണമെന്നൊക്കെ തീരുമാനിക്കുന്നത്.
ജയിലിലെ ഉന്നതോദ്യോഗസ്ഥരോട് തങ്ങളുടെ ഇംഗിതം അറിയിച്ചിട്ട് നടപ്പാവുന്നില്ലെങ്കിൽ പാർട്ടിയിലെ ജയിൽ ഉപദേശകസമിതിയംഗങ്ങൾ, നേതാക്കൾ എന്നിവർ ജയിൽ സന്ദർശനം നടത്തുന്പോഴാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തടവുകാർ ആവശ്യപ്പെടുക.
ആവശ്യങ്ങൾ വൈകാതെ നടപ്പാകുകയും ചെയ്യും. ചുരുക്കത്തിൽ, ജയിലിനകത്ത് തങ്ങൾ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പായില്ലെങ്കിൽ രാഷ്ട്രീയ നേതൃത്വത്തിലൂടെ നടപ്പാക്കുക എന്നതാണ് ഇവരുടെ രീതി. കൊലക്കേസ് ഉൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെ പാർട്ടിക്കു തള്ളിപ്പറയാൻ കഴിയാത്തതിനാൽ ആവശ്യങ്ങൾ നടപ്പാക്കിക്കൊടുക്കാൻ നേതൃത്വവും നിർബന്ധിതരാകുകയാണ്.
ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ്, ടി.പി. ചന്ദ്രശേഖരൻ വധക്കേസ് എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്കു പലപ്പോഴും വഴിവിട്ട സഹായമാണു ജയിലിനകത്ത് നൽകിയത്. ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർ തങ്ങളുടെ ബ്ലോക്കിൽ സ്വകാര്യ അടുക്കളവരെ പ്രവർത്തിപ്പിച്ചിരുന്നു. ജയിൽ തടവുകാർക്കു ഭക്ഷണം തയാറാക്കുന്ന അടുക്കളയിൽനിന്നുള്ള ഇറച്ചിയും മീനുമുൾപ്പെടെ ഈ അടുക്കളയിലേക്ക് ജീവനക്കാർതന്നെ എത്തിച്ചു നൽകി.
ജയിലിനകത്ത് മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ളവയ്ക്കു നിരോധനമുണ്ടെങ്കിലും സിപിഎം തടവുകാരുടെ സെല്ലുകളിൽ പരിശോധന പോലും പലപ്പോഴും നടക്കാറില്ല. ജയിലിനകത്തുനിന്നു പുറത്തേക്കു ചില നന്പറുകളിൽനിന്നു നിരന്തരം കോൾ പോകുന്നത് പലപ്പോഴും കണ്ടെത്തുന്നതും പുതുമയല്ല. തുടർച്ചയായി ജയിലിനെതിരേ വാർത്തകർ വരുന്പോൾ പേരിനൊരു പരിശോധന നടത്തി ഏതാനും ഫോണുകൾ കണ്ടെത്തിയതായി കാണിച്ച് പോലീസിൽ പരാതി നൽകുന്നതിൽ കാര്യങ്ങൾ തീരും.
വർഷങ്ങൾക്കു മുന്പ് ജയിലിനകത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റിക്കു സമാനമായ രീതിയിൽ സിപിഎം തടവുകാർ സംഘടനാ പ്രവർത്തനം നടത്തിയത് വൻവിവാദമായിരുന്നു. ജയിലിനകത്തെ ഒരു പരിപാടിക്കു മാധ്യമ പ്രവർത്തകരെ ക്ഷണിച്ച വേളയിൽ സെല്ലിനകത്ത് കമ്യൂണിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടെ പതിച്ച് ചുവപ്പ് റിബൺ ചാർത്തിയതിന്റെ ഫോട്ടോ ഉൾപ്പെടെ മാധ്യമപ്രവർത്തകർ പുറം ലോകത്തെ അറിയിച്ചതും വിവാദമായിരുന്നു.