ശബരിമല മണ്ഡല, മകരവിളക്ക്: നെയ്യ് നൽകാൻ അനുമതി മിൽമയ്ക്ക്
Saturday, July 26, 2025 2:44 AM IST
തിരുവനന്തപുരം: നവംബറിൽ ആരംഭിക്കുന്ന മണ്ഡല, മകരവിളക്ക് തീർഥാടന കാലത്ത് ശബരിമല, പന്പ, നിലയ്ക്കൽ ക്ഷേത്രങ്ങളിൽ പ്രസാദം തയാറാക്കുന്നതിനു വേണ്ട നെയ്യ് നൽകുന്നതിനുള്ള അനുമതി മിൽമയ്ക്കു ലഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് നെയ്യ് നൽകുന്നതിനുള്ള അനുമതി മിൽമയ്ക്കു നൽകിയത്.
സംസ്ഥാനത്ത് ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങൾക്ക് ആവശ്യമുള്ള പാൽ, തൈര്, നെയ്യ്, വെണ്ണ തുടങ്ങിയ എല്ലാ ഉത്പന്നങ്ങളും മിൽമയിൽനിന്ന് വാങ്ങണമെന്ന് ദേവസ്വം, സഹകരണ മന്ത്രി വി.എൻ. വാസവൻ നിർദേശിച്ചിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉന്നതാധികാര അവലോകന സമിതി മിൽമ നെയ്യിന്റെ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തി.
മിൽമ ഉദ്യോഗസ്ഥരുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ ഇത് സംബന്ധിച്ച് ചർച്ച നടത്തി. ശബരിമല, പന്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മിൽമ സ്റ്റാളുകൾ സ്ഥാപിക്കാനുള്ള നിർദേശവും ദേവസ്വം ബോർഡ് പരിഗണിക്കുന്നുണ്ട്.
മിൽമയുടെ തെക്കൻ മേഖലാ യൂണിറ്റായ തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (ടിആർസിഎംപിയു) ആണ് ശബരിമല ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നത്.