കേരളത്തിനു വേണ്ടത് പുത്തന്‍ വികസന മാതൃക: ശശി തരൂര്‍
Saturday, July 26, 2025 2:43 AM IST
കോട്ടയം: ഹര്‍ത്താല്‍, പണിമുടക്ക് തുടങ്ങിയ വഴിമുടക്കല്‍ ശൈലി സംസ്കാരത്തെ നിര്‍മാര്‍ജനം ചെയ്യാതെ കേരളത്തില്‍ ഒരു മേഖലയിലും വികസനമുണ്ടാകില്ലെന്ന് ശശി തരൂര്‍ എംപി. പണം മുടക്കാന്‍ വരുന്ന പുതിയ സംരംഭകനെ എങ്ങനെ നശിപ്പിക്കാം, മുരടിപ്പിക്കാം എന്നതാണ് ഒരു നിര ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മനോഭാവം.
ഒരേ ഫയല്‍ വിവിധ മേശകളിലൂടെ ആറേഴു പേരുടെ കൈകളില്‍ കയറിയിറങ്ങിയാലേ തീരുമാനവും അനുമതിയുമുണ്ടാകൂ എന്ന വികലനയം കേരളത്തില്‍ മാത്രമേയുള്ളൂ. കോട്ടയം സിഎംഎസ് കോളജില്‍ ‘കേരളത്തിന്റെ ഭാവി എന്റെ വീക്ഷണം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശശി തരൂര്‍.
സിംഗപ്പൂരില്‍ ഒരു ഫയലിന് തീര്‍പ്പുണ്ടാക്കാന്‍ മൂന്നു ദിവസം മതി. കേരളത്തില്‍ അത് 250 ദിവസം വരെ നീണ്ടുപോകാം. അയല്‍സംസ്ഥാനമായ തമിഴ് നാട്ടില്‍ ഫയല്‍ കുരുക്കുളില്ലാത്തതിനാല് മലയാളികള്‍ ഉള്‍പ്പെടെ നിക്ഷേപകര്‍ അവിടേക്കു സംരംഭവുമായി പോകുന്നു. വികസനത്തില്‍ സുതാര്യതയുള്ള പുതിയ കേരള മോഡല്‍ വന്നേ തീരൂ.
എന്തു സംരംഭം വന്നാലും സമരക്കൊടി പിടിക്കാനും അതിനോടു മുഖം തിരിക്കാനുമാണ് വികസനത്തിന് തുരങ്കം വയ്ക്കുന്ന പലരുടെയും പ്രവണത. ഈ സമീപനംകൊണ്ടാണ് കേരളത്തിലെ ചെറുപ്പക്കാര്‍ കേരളത്തിനു പുറത്തേക്കും വിദേശത്തേക്കും ഉപരിപഠനത്തിനും ജീവിതമാര്‍ഗത്തിനും പോകുന്നത്.
കേരളം ചെറുപ്പക്കാരില്ലാത്ത നാടായി മാറിയാല്‍ ഇവിടെ പുതിയ സംരംഭങ്ങള്‍ വരികയുമില്ല, നിലവിലുള്ളത് വളരുകയുമില്ല. 2036ല്‍ കേരളത്തിലെ 22.4 ശതമാനം ജനങ്ങളും മുതിര്‍ന്ന പൗരന്മാരായിരിക്കും എന്ന തിരിച്ചറിവ് ഏവര്‍ക്കുമുണ്ടാകണം. അതിനാല്‍ വൃദ്ധസദനങ്ങള്‍ എന്നതും വൈകാതെ ഒരു സംരംഭ സാധ്യതയാണ്.
വിഴിഞ്ഞം പദ്ധതി വന്നപ്പോള്‍ മീന്‍കച്ചവടവും വരുമാനവും നഷ്ടമാകുമെന്നായിരുന്നു തീരദേശ സ്ത്രീകളുടെ ആശങ്ക. സ്വപ്നപദ്ധതിയായ ലോകോത്തര തുറമുഖം യാഥാര്‍ഥ്യമായപ്പോള്‍ പോര്‍ട്ടില്‍ ക്രെയിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഇതേ വനിതകളാണ്. മത്സ്യവില്പനയുടെ പതിന്മടങ്ങ് സാമ്പത്തികനേട്ടം ഇന്നവര്‍ക്കുണ്ട്.
കേരളത്തിന് നേട്ടമാകേണ്ട ഏറെ സാധ്യതകള്‍ ബാക്കി നില്ക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം, ആയുര്‍ദൈര്‍ഘ്യം എന്നിവയിലൊക്കെ അമേരിക്കയുടെയൊപ്പം കേരളം വളര്‍ന്നു. ആഴക്കടല്‍ മത്സ്യബന്ധനം, ഭക്ഷ്യസംസ്കരണം, ടൂറിസം, ആയുര്‍വേദം തുടങ്ങി ഒട്ടേറെ മേഖലകള്‍ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല. ഇവിടെയെല്ലാം പുതിയ സ്റ്റാര്‍ട്ട് അപ്പുകള്‍ വരണം.
ജൈവസമ്പത്തിലും വൈവിധ്യത്തിലും സംസ്ഥാനം ഏറെ സമ്പന്നമാണ്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്ന വിളകള്‍ അനിവാര്യമായിരിക്കുന്നു. കേരളം ജാതിയിലും ആചാരത്തിലും പാരമ്പര്യത്തിലും അനുഷ്ഠാനത്തിലും ഒരു സങ്കരസംസ്കൃതിയാണ്.
ജനങ്ങളുടെയൊന്നാകെയുള്ള ഒരുമയും സാഹോദര്യവും സഹകരണവും കൂടാതെ കേരളത്തിനു വികസനമില്ല. സങ്കുചിത കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വരാനും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും സാധിക്കണം. പുതിയ കണ്ടെത്തലുകളും പുതിയ സംരംഭകരും കേരളത്തിലുണ്ടാകണം.
കേരളത്തിന്റെ സാധ്യത പുതിയ തലമുറയാണ്. അവരെ കേരളത്തില്‍ നിലനിറുത്തി നാടിന്റെ വികസനത്തില്‍ പങ്കാളികളാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കേരളം മുരടിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.