ആവേശനിമിഷമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
Friday, May 9, 2025 3:13 AM IST
പാലക്കാട്: പുതിയ കെപിസിസി അധ്യക്ഷനെ നിയമിച്ചതിൽ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇതുപോലെ ആവേശംതോന്നുന്ന നിമിഷം ഉണ്ടായിട്ടില്ലെന്നു രാഹുൽ പറഞ്ഞു.
കെപിസിസി ഭാരവാഹിപ്രഖ്യാപനം മികച്ച ബ്ലെൻഡിംഗാണെന്നും രാഹുൽ മാധ്യമങ്ങളോടു പറഞ്ഞു. തെരഞ്ഞെടുപ്പ് വിദഗ്ധരാണ് നേതൃസ്ഥാനത്തെത്തിയത്. സണ്ണി ജോസഫ് സഭയുടെ നിർദേശമല്ല.
കോണ്‍ഗ്രസ് എന്ന ഒറ്റഗ്രൂപ്പിന്റെ നേതാക്കളാണ് എല്ലാവരും. ഇതിൽ വിഭാഗീയതയില്ല. ഏതൊരു കോണ്‍ഗ്രസ് പ്രവർത്തകനെയും ആവേശപ്പെടുത്തുന്ന ഉജ്വലമായ തീരുമാനത്തിനു ഹൈക്കമാൻഡിനോടു നന്ദിയുണ്ട്.
കെ. സുധാകരൻ എന്ന വർക്കിംഗ് കമ്മിറ്റി മെംബറും സണ്ണി ജോസഫ് എന്ന കെപിസിസി പ്രസിഡന്റും അടൂർ പ്രകാശ് എന്ന യുഡിഎഫ് കണ്‍വീനറും വർക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും ഷാഫി പറന്പിലും കൃത്യമായ ടീമാണ്.
തെരഞ്ഞെടുപ്പുവർഷം തെരഞ്ഞെടുപ്പുതന്ത്രജ്ഞരുടെ ഈ ടീം യുഡിഎഫിനെ വിജയത്തിലെത്തിക്കുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.