വയനാട്ടില്‍ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു
Friday, May 9, 2025 3:13 AM IST
മാനന്തവാടി: വയനാട്ടില്‍ മകന്റെ വെട്ടേറ്റ് പിതാവ് മരിച്ചു. എടവക പന്നിച്ചാല്‍ കടന്നലാട്ടുകുന്നില് മലേക്കുടി ബേബിയാണ്(63)മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് മകന് റോബിനെ (പോപ്പി-36) പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
കുടുംബവഴക്കിനിടെ റോബിന് പിതാവിനെ ആക്രമിക്കുകയായിരുന്നു. ഭാര്യ വത്സയ്ക്കും മകന് റോബിനും ഒപ്പമാണ് ബേബിയുടെ താമസം. വീട്ടില്‍നിന്നു ബഹളം കേട്ട് എത്തിയ പരിസരവാസികള്‍ വെട്ടേറ്റുകിടക്കുന്ന ബേബിയെയാണ് കണ്ടത്. നെഞ്ചിന് ആഴത്തില്‍ മുറിവേറ്റ ബേബിയെ ഉടന്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഐസിയു ആംബുലന്‍സ് ഏര്പ്പടുത്തുന്നതിനിടെയായിരുന്നു മരണം. പിതാവിനെ ആക്രമിച്ചശേഷം വീടുവിട്ട റോബിനെ തോണിച്ചാലില്നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.