നവംബർ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത നാട്: മുഖ്യമന്ത്രി
Friday, May 9, 2025 3:13 AM IST
പാലക്കാട്: നവംബർ ഒന്നുമുതൽ അതിദരിദ്രർ ഇല്ലാത്ത നാടായി കേരളം മാറുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൊതുവിതരണരംഗം ശക്തിപ്പെടുത്തുന്നതിനു സാന്പത്തികസഹായം ഉറപ്പുവരുത്തിയതിലൂടെയാണ് സംസ്ഥാനം ദാരിദ്ര്യവും വിലവർധനയും ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പട്ടയമേള പാലക്കാട് കോട്ടമൈതാനത്ത് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദാരിദ്യ്രം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നു കേന്ദ്ര സർക്കാർതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണ്. ജനങ്ങളെ കണ്ടുകൊണ്ടുള്ള ഇടപെടൽമാത്രമാണ് ഇതിനുകാരണം. 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അതിൽ 78 ശതമാനംപേരെയും അതിദാരിദ്യ്രമുക്തമാക്കിക്കഴിഞ്ഞു. ബാക്കിയുള്ളവർകൂടി നവംബർ ഒന്നോടുകൂടി പൂർണമായും അതിദരിദ്രാവസ്ഥയിൽനിന്നു മുക്തരാകുമെന്നു മുഖ്യമന്ത്രി
പട്ടയം ലഭിച്ചതിലൂടെ സംസ്ഥാനത്തെ 43,058 കുടുംബങ്ങൾ ഭൂമിക്ക് അവകാശികളായി മാറി. ഒന്പതുവർഷംമുന്പ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ജനങ്ങൾക്കു നൽകിയ ഉറപ്പാണ് എല്ലാവർക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഒരുഭാഗത്ത് ഇത്തരത്തിൽ ഭൂമിയുടെ അവകാശം ഉറപ്പുവരുത്തുന്പോൾ വേറൊരു ഭാഗത്തു സ്വന്തമായി വീടില്ലാത്തവർക്കു വീടുനിർമിച്ചു നൽകുന് പദ്ധതി ലൈഫ് മിഷനിലൂടെ നടപ്പിലാക്കുകയും നാലര ലക്ഷത്തിലധികം വീടുകളിൽ കുടുംബങ്ങൾ താമസിക്കുകയും ചെയ്യുന്നു.
ഏതാനും നാളുകൾക്കുള്ളിൽ വീടുകളുടെ എണ്ണം അഞ്ചുലക്ഷമായി ഉയരും. കേരളത്തിൽ ക്ഷേമപ്രവർത്തനങ്ങളിലും നല്ല ഇടപെടലുകൾ ഉണ്ടായി. 60 ലക്ഷം പേർക്ക് 1600 രൂപ വീതം ക്ഷേമപെൻഷൻ വീഴ്ചയില്ലാതെ എല്ലാ മാസവും കൃത്യമായി നൽകുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്, എംഎൽഎമാരായ രാഹുൽ മാങ്കൂട്ടത്തിൽ, കെ. ബാബു, പി. മമ്മിക്കുട്ടി, എ. പ്രഭാകരൻ, കെ.ഡി. പ്രസേനൻ, കെ. പ്രേംകുമാർ, പി.പി. സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, അഡീ. റവന്യൂ സെക്രട്ടറി ഷീബ ജോർജ്, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എഡിഎം സുനിൽകുമാർ, ആർഡിഒ കെ. മണികണ്ഠൻ, രാഷ്ട്രീയപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.