നവകേരള ബസിനു നേരേ ഷൂ ഏറ്, കരിങ്കൊടി
Monday, December 11, 2023 5:47 AM IST
പെരുമ്പാവൂർ/കോതമംഗലം: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിച്ച നവകേരള യാത്രയ്ക്കിടെ വ്യാപക അക്രമം.
പെരുമ്പാവൂരിലും കോതമംഗലത്തും കരിങ്കൊടി പ്രതിഷേധം നടത്തിയവർക്കുനേരേ ക്രൂരമായ അതിക്രമമാണ് അരങ്ങേറിയത്. പോലീസിനെ കാഴ്ചക്കാരാക്കിയുള്ള സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തില്‍ പെരുന്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയും പിഎയും അടക്കം നിരവധി പേർക്കു പരിക്കേറ്റു. കരിങ്കൊടി കാട്ടിയതിനെത്തുടര്‍ന്ന് മര്‍ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആശുപത്രിയിൽ സന്ദര്‍ശിച്ചപ്പോഴാണ് ആശുപത്രി വളപ്പില്‍വച്ച് എംഎല്‍എയെ കൈ യേറ്റം ചെയ്തത്. പരിക്കേറ്റ എംഎൽഎയെയും പിഎയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ ഷൂ എറിഞ്ഞ സംഭവവും ഇന്നലെയുണ്ടായി. പെരുമ്പാവൂരില്‍നിന്ന് കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഓടക്കാലിയില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചത്.
പ്രതിഷേധവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, കുറുപ്പംപടി പോലീസ് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തു.
കോതമംഗലത്ത് കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ സംഘം ക്രൂരമായി മര്‍ദിച്ച് കനാലില്‍ തള്ളിയിട്ടു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം എഎം റോഡില്‍ പെരുമ്പാവൂര്‍ മാര്‍ക്കറ്റിനു മുന്നിലെത്തിയപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിന്നാലെയെത്തി വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഷൂ ഏറ് തുടര്‍ന്നാല്‍ മറ്റു നടപടികൾ: മുഖ്യമന്ത്രി
കോതമംഗലം: നവകേരള ബസിനുനേരേ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് സമരക്കാര്‍ ഷൂ എറിഞ്ഞ സംഭവത്തില്‍ മുന്നറിയിപ്പുമായി മുഖ്യമന്ത്രി. ഷൂ ഏറിന് പിന്നില്‍ എന്താണന്ന് മനസിലാകുന്നില്ല. ഇങ്ങനെ പോയാല്‍ സര്‍ക്കാരിന് മറ്റ് നടപടികളിലേക്കു പോകേണ്ടി വരും. പിന്നെ വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.