കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം പ്രതികളെ ഫാം ഹൗസിലെത്തിച്ച് തെളിവെടുപ്പ് നടത്തി
പ്രദീപ് ചാത്തന്നൂർ
Monday, December 11, 2023 5:47 AM IST
ചാത്തന്നൂർ : ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ വീണ്ടും തെളിവെടുപ്പിനായി കൊണ്ടുവന്നു. മുഖ്യപ്രതി പത്മകുമാറിന്റെ ചിറക്കര ഒഴുകുപാറയ്ക്ക് സമീപമുള്ള ഫാം ഹൗസിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്.
രാവിലെ 10.30 ഓടെ വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെ ഫാമിൽ എത്തിയ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം പത്മകുമാറിന്റെ ഭാര്യ അനിതകുമാരിയെ മാത്രമാണ് വാഹനത്തിൽ നിന്നും തെളിവെടുപ്പിനായി പുറത്തിറക്കിയത്. രണ്ടു മണിക്കൂറോളം നീണ്ടു നിന്നു തെളിവെടുപ്പ്. പത്മകുമാറിനെയും മകൾ അനുപമയേയും പോലീസ് വാനിൽ നിന്നും പുറത്തേക്ക് ഇറക്കിയില്ല.
അനിതകുമാരിയാണ് കുട്ടിയുടെ സ്കൂൾ ബാഗ് ഫാം ഹൗസിൽ എത്തിച്ച് കത്തിച്ചു കളഞ്ഞതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. അനിതകുമാരി തെളിവെടുപ്പിനോട് പൂർണമായും സഹകരിച്ചു.
കുട്ടിയുടെ പഠന സാധനങ്ങൾ കത്തിച്ച സ്ഥലത്ത് എത്തിച്ച് പോലീസ് ചോദ്യങ്ങൾ ചോദിച്ചു. തുടർന്ന് ഫിംഗർപ്രിന്റ് സംഘംതെളിവുകൾ ശേഖരിച്ചതിന് ശേഷം അവിടെയുണ്ടായിരുന്ന കത്തിക്കരിഞ്ഞ ബാഗിന്റെയും പുസ്തകങ്ങളുടെയും അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്കായി എടുത്തു. കുട്ടിയുടെ ബാഗിലുണ്ടായിരുന്ന ഇൻസ്ട്രമെന്റ് ബോക്സ് തൊട്ടടുത്ത റവന്യൂ പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞതായി അനിതകുമാരി പറഞ്ഞു.
ഇന്നലെ ചാത്തന്നൂർ വീട്ടിൽ മാബള്ളികുന്നത്തെ കവിതാലയത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വൻ ജനാവലിയാണ് പ്രതികളെ കാണുന്നതിന് തടിച്ചു കൂടിയത്. ഫാമിന്റെ സൂക്ഷിപ്പുകാരിയും ഭർത്താവും അവിടെ ഉണ്ടായിരുന്നുവെങ്കിലും അവരെയൊന്നും അനിത ശ്രദ്ധിച്ചതേയില്ല.