പാലക്കാട് ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസുകാരുടെ അടിപിടി
Monday, December 11, 2023 5:47 AM IST
പാലക്കാട്: ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസുകാര്‍ തമ്മിലടിച്ചു. രണ്ട് സിപിഒമാര്‍ക്ക് പരിക്കേറ്റു. സ്പെഷല്‍ ബ്രാഞ്ച് ഓഫീസില്‍ ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. പോലീസുകാരായ ധനേഷ് (31), ദിനേഷ് (30) എന്നിവര്‍ തമ്മിലാണു വാക്കുതര്‍ക്കവും തുടര്‍ന്ന് കൈയാങ്കളിയും ഉണ്ടായത്. അടിപിടിക്കിടെയുണ്ടായ വീഴ്ചയില്‍ ചില്ലു തകര്‍ന്നാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
പരിക്ക് ഗുരുതരമല്ലെങ്കിലും രണ്ടുപേരും ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി. വ്യക്തിപരമായ പ്രശ്നങ്ങളാണു തര്‍ക്കത്തിനും അടിപിടിക്കും വഴിവച്ചതെന്നാണ് പറയുന്നത്. ഇരുവരെയും ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എസ്പി അറിയിച്ചു. അതേസമയം, പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ സംഘര്‍ഷം നടന്നില്ലെന്നും അടിപിടി മാത്രമാണു നടന്നതെന്നും എസ് പി അറിയിച്ചു.