വ്യാജരേഖ കേസിൽ കുറ്റപത്രം സമര്‍പ്പിക്കാത്തത് സ്വന്തക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമെന്ന് വി.ഡി. സതീശൻ
Monday, December 11, 2023 5:23 AM IST
കൊച്ചി: സ്വന്തക്കാരെ മുഴുവന്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു വ്യാജരേഖ ചമച്ച എസ്എഫ്ഐ വനിതാ നേതാവിനെതിരേ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടും കുറ്റവാളിക്കെതിരേ നടപടിയില്ല. ക്രിമിനലുകളായ സ്വന്തക്കാരെ ചേര്‍ത്തുനിര്‍ത്തുകയാണ്. അതുകൊണ്ടാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും യുവഡോക്ടറുടെ ആത്മഹത്യയിലും ദുരൂഹതകള്‍ നിലനില്‍ക്കുന്നത്.
ഡോ. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസങ്ങളിലും പോലീസ് പറഞ്ഞത് വ്യത്യസ്ത കാര്യങ്ങളാണ്. ഒപി ചീട്ടിന്റെ പിന്നിലാണ് ആത്മഹത്യാ കുറിപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് നാലുപേജുള്ള കുറിപ്പുണ്ടെന്നു പറഞ്ഞത്. പ്രതികളെയും കുറ്റവാളികളെയും രക്ഷിക്കാനാണു പോലീസ് ശ്രമിക്കുന്നതെന്നും സതീശന് ആരോപിച്ചു.