കാഷ്മീർ അപകടത്തിൽ മരിച്ച മനോജിനു വിടയേകി നാട്
Monday, December 11, 2023 5:10 AM IST
ചിറ്റൂർ: കാഷ്മീരിൽ ട്രക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയ്ക്കിടെ മരിച്ച ചിറ്റൂർ സ്വദേശി മനോജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ചിറ്റൂർ നെടുങ്ങോട് മാധവന്റെ മകൻ മനോജ് (24) ശനിയാഴ്ച രാവിലെ ജമ്മുവിൽ ചികിത്സയ്ക്കിടെയാണു മരിച്ചത്. മൃതദേഹം ഡൽഹിയിലെത്തിച്ച് വിമാനമാർഗം ഇന്നു പുലർച്ചെ നെടുമ്പാശേരിയിൽ എത്തിച്ചു. അവിടെനിന്ന് ആംബുലൻസിലാണു മനോജിന്റെ വീട്ടിൽ കൊണ്ടുവന്നത്.
വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നൂറുകണക്കിനുപേർ അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് ആര്യമ്പള്ളം മന്തക്കാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ഇതേ അപകടത്തിൽ മരിച്ച സുഹൃത്തുക്കളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരെ സംസ്കരിച്ച സ്ഥലത്തോടു ചേർന്നാണ് മനോജിനും ചിതയൊരുക്കിയത്. കാഷ്മീരിൽ വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചതിന്റെ ആഘാതം നെടുങ്ങോട് ഗ്രാമവാസികൾക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.