മുഖ്യമന്ത്രിയുടെ സഞ്ചാരം മാരകായുധങ്ങളുള്ള എസ്കോര്‍ട്ട് വാഹനത്തിന്റെ അകമ്പടിയില്‍: വി.ഡി. സതീശന്
Monday, December 11, 2023 5:10 AM IST
കൊച്ചി: പോലീസ് അകമ്പടി വാഹനങ്ങളെ കൂടാതെ മാരകായുധങ്ങളുമായുള്ള എസ്കോര്‍ട്ട് വാഹനങ്ങളുമായാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെയുള്ള ടെമ്പോ ട്രാവലറുകളില്‍ സിപിഎം ക്രിമിനല്‍ സംഘമാണു യാത്ര ചെയ്യുന്നത്. ഇവരാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നത്.
മുഖ്യമന്ത്രി നല്കിയ ധൈര്യമാണു ക്രിമിനലുകള്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യമൊരുക്കിയത്. ഇങ്ങനെയൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിട്ടില്ല. മന്ത്രിമാര്‍ക്കെതിരേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കരിങ്കൊടി കാട്ടിയിട്ടുള്ള സിപിഎമ്മാണ് പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാവിന്റെ എഴുന്നള്ളത്താണ് ഇപ്പോള്‍ നടക്കുന്നത്. വഴിയരികില്‍ ആരും കാണാന്‍ പാടില്ലെന്ന തരത്തിലാണ് ആക്രമണം. നവകേരള സദസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടക്കുന്ന അക്രമങ്ങളിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ഒന്നാംപ്രതിയാക്കി കേസെടുക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
കണ്ണൂരിലെ അക്രമത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തപ്പോള്‍ അതു ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നു പറഞ്ഞ് അക്രമികളെ അഭിനന്ദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരേയായി ജീവന്‍രക്ഷാപ്രവര്‍ത്തനമെന്നും സതീശന് പരിഹസിച്ചു.
സജി ചെറിയാനെപ്പോലുള്ള വാപോയ കോടാലികളെ ഇറക്കി പിണറായി വിജയന് വായില്‍ തോന്നുന്നത് പറയിപ്പിക്കുകയാണ്. ഒരു പണിയുമില്ലാതെയാണ് മന്ത്രിമാര്‍ 44 ദിവസവും മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്യുന്നത്. ശബരിമല തീര്‍ഥാടനകാലത്തെ തിരക്കു ശ്രദ്ധിക്കാന്‍ പോലും സര്‍ക്കാരിന് സമയമില്ല. എല്ലാ രംഗത്തുമുള്ള അനാസ്ഥയാണ് ശബരിമലയിലുമുള്ളതെന്നും സതീശന് ആരോപിച്ചു.