കാനത്തിന് അന്ത്യാഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ
Sunday, December 10, 2023 1:47 AM IST
തിരുവനന്തപുരം: ഇടതുപക്ഷ ഐക്യത്തിനു കാവലാളായി നിലകൊണ്ട തൊഴിലാളികളുടെ പ്രിയനേതാവിന് അന്ത്യാഭിവാദ്യമർപ്പിച്ച് ആയിരങ്ങൾ. കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരത്തിൽ രാഷ്ട്രീയ- സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിലെ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.
കൊച്ചിയിൽനിന്നു പ്രത്യേക വിമാനത്തിൽ ഇന്നലെ രാവിലെ 8.50നു കാനത്തിന്റെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് 11.15ഓടെ സിപിഐ സംസ്ഥാന കൗണ്‍സിൽ ഓഫീസായി പ്രവർത്തിക്കുന്ന പട്ടം പിഎസ് സ്മാരകത്തിലേക്ക് വിലാപയാത്രയായി മൃതദേഹം എത്തിച്ചു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, കെ.ഇ. ഇസ്മയിൽ, സി. ദിവാകരൻ തുടങ്ങിയവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ചു.
രാഷ്ട്രീയ-സാമൂഹ്യ-കലാ-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെ നൂറുകണക്കിന് പേർ കാനത്തിന് അന്ത്യാഞ്ജലി അർപ്പിച്ചു. പിഎസ് സ്മാരകത്തിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടരയോടെ വിലാപയാത്രയായി ഭൗതികശരീരം അദ്ദേഹത്തിന്റെ ജന്മദേശമായ കോട്ടയത്തേക്കു കൊണ്ടുപോയി.
സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ, കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി, മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ.
മലങ്കര കത്തോലിക്ക സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജെ. ചിഞ്ചുറാണി, ജി.ആർ. അനിൽ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡെപ്യൂട്ടി മേയർ പി.കെ. രാജു തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു. ദീപികയ്ക്കുവേണ്ടി തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് മാനേജർ മോണ്‍. ഡോ. വർക്കി ആറ്റുപുറത്ത് കോർ എപ്പിസ്കോപ്പ ആദരാഞ്ജലി അർപ്പിച്ചു.
ഇന്നു യാത്രാമൊഴി
കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്നു യാത്രാമൊഴി. മൃതദേഹവുമായി ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്നാരംഭിച്ച വിലാപയാത്ര ഇന്നലെ രാത്രി കാനത്തെ വീട്ടിലെത്തിച്ചിരുന്നു.
ഇന്നു രാവിലെ 11ന് സംസ്കാരചടങ്ങുകള്‍ വീട്ടില്‍ ആരംഭിക്കും. സിപിഐ ദേശീയ നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സംസ്ഥാന നേതാക്കളും സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
കാനത്തെ കൊച്ചുകളപ്പുരയിടത്തില്‍ വീടിനോടു ചേര്‍ന്നു മാതാപിതാക്കളെ അടക്കം ചെയ്തിരിക്കുന്നതിനു സമീപമുള്ള പുളിമരച്ചുവട്ടിലാണ് കാനത്തിന് അന്ത്യവിശ്രമമൊരുക്കുന്നത്.