നവകേരള സദസില്‍ ആളുമാറി "രക്ഷാപ്രവർത്തനം'; സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം പാർട്ടി വിട്ടു
Sunday, December 10, 2023 1:32 AM IST
കൊച്ചി: നവകേരള സദസിനിടെ സിപിഎം പ്രവര്‍ത്തകനു മര്‍ദനം. കഴിഞ്ഞ ദിവസം വൈകുന്നേരം എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന പരിപാടിക്കിടെ തമ്മനം സ്വദേശിയായ റയീസിനാണു മര്‍ദനമേറ്റത്. സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച റയീസ് ചികിത്സയില്‍ തുടരുകയാണ്.
തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് താനെന്ന് ഇയാള്‍ മാധ്യമങ്ങളോടു പറഞ്ഞു. പ്രതിഷേധിക്കാനെത്തിയ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകനാണെന്ന് കരുതി ആളുമാറി മര്‍ദിച്ചതാണെന്നാണ് പുറത്തുവരുന്ന വിവരം.
പരിപാടിക്കിടെ ലഘുലേഖകളുമായി എത്തി ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. അവിടെ വച്ച് തങ്ങളെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നു ചൂണ്ടിക്കാട്ടി ഡിഎസ്എ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ഇവര്ക്കൊപ്പമുള്ളയാളാണെന്നു കരുതിയാണ് റയീസിനെയും ആളുമാറി മര്‍ദിച്ചത്.
അവര്‍ക്ക് അടുത്തിരുന്നതിനാണു തന്നെ മര്‍ദിച്ചതെന്നും പാര്‍ട്ടി പ്രവര്‍ത്തകനാണെന്നു പറഞ്ഞിട്ടും മര്‍ദനം തുടര്‍ന്നെന്നും റയീസ് ആരോപിക്കുന്നു.
പരിപാടിക്കിടെ ഫോണ്‍ കോള്‍ വന്നതോടെ പുറത്തേക്കിറങ്ങുമ്പോള്‍ അഞ്ചു പേരെത്തി മർദിക്കുകയായിരു ന്നു. പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ കൂട്ടമായെത്തി വളഞ്ഞു. നിലത്തുവീണിട്ടും മര്‍ദനം തുടര്‍ന്നു. ഇനി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ല.
തീരുമാനം അറിയിക്കേണ്ടവരെ അറിയിക്കുമെന്നും റയീസ് പറഞ്ഞു. പാര്‍ട്ടിക്കു പരാതി നല്‍കാനൊരുങ്ങുകയാണ് റയീസ്. അതേസമയം സിപിഎം പ്രവര്‍ത്തകനു മര്‍ദനമേറ്റ സംഭവം അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു.
നവകേരള സദസില്‍ പ്രതിഷേധത്തിനെത്തി മര്‍ദനമേറ്റ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് അസോസിയേഷന് സംസ്ഥാന കമ്മിറ്റി അംഗം റിജാസ് എം. സിദ്ദീഖ്, മുഹമ്മദ് ഹനീന് എന്നിവര്‍ ചികിത്സയിലാണ്. ഇവരെ പോലീസെത്തി കസ്റ്റഡിയിലെടുത്തിരുന്നു.