സാന്പത്തിക അടിയന്തരാവസ്ഥ; ഗവർണർക്കു മറുപടി നൽകാൻ ആലോചന
Sunday, December 10, 2023 1:32 AM IST
തിരുവനന്തപുരം: സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന പരാതിയിൽ വിശദീകരണം തേടിയ ഗവർണർക്ക് കേരളത്തെ സാന്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ നടപടികൾ അടക്കം മറുപടിയായി നൽകുന്നതിനെക്കുറിച്ച് ആലോചിച്ച് സംസ്ഥാനം.
കേരളത്തിന് അർഹതപ്പെട്ട ഫണ്ട് നൽകാത്ത കേന്ദ്രത്തിന്റെ നടപടിയും കടമെടുപ്പു പരിധി ഉയർത്തണമെന്ന ആവശ്യം അംഗീകരിക്കാത്ത നടപടിയും മറുപടിയിൽ ഉൾപ്പെടുത്തുന്നതു ചർച്ചയിലുണ്ട്. കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ദൈനംദിന ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിനാൽ മറിച്ചൊരു മറുപടി നൽകുക സാധ്യമല്ല.
എന്നാൽ, തിടുക്കപ്പെട്ടു ഗവർണർക്കു മറുപടി നൽകേണ്ടതില്ലെന്നാണു സർക്കാർ കരുതുന്നത്. ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള എല്ലാ വിഷയങ്ങൾക്കും വ്യക്തമായ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഗവർണർക്കു ലഭിക്കുന്ന പരാതികൾക്കെല്ലാം വിശദീകരണം നൽകാൻ സർക്കാരിനു ബാധ്യതയില്ലെന്ന സമീപനമാണു മുഖ്യമന്ത്രി സ്വീകരിച്ചത്.
അതായത് ചീഫ് സെക്രട്ടറി മറുപടി നൽകേണ്ടതില്ലെന്ന സമീപനമാണു മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാൽ, ഗവർണർ വിശദീകരണം ചോദിച്ചാൽ ചീഫ് സെക്രട്ടറിക്കു മറുപടി നൽകാതിരിക്കാനുമാകില്ല.
സാന്പത്തികനിലയുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്ന മറുപടി ചീഫ് സെക്രട്ടറി സമർപ്പിച്ചാൽ ഗവർണർ അതു രാഷ്ട്രപതിക്കു കൈമാറും. ഇതോടെ കണക്കുകളെ സംബന്ധിച്ചുള്ള വിശദീകരണവുമായി കേന്ദ്രവും രംഗത്തെത്തും.
കേരളത്തിനുള്ള കേന്ദ്രസഹായവുമായി ബന്ധപ്പെട്ടു കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസങ്ങളിൽ ആരോപണ- പ്രത്യാരോപണങ്ങൾ നടത്തിയിരുന്നു. ഇതിനു പിന്നാലെ പതിവില്ലാത്ത വിധമുള്ള രാഷ്ട്രീയ പോരാട്ടത്തിനും ഇതു കളമൊരുക്കാം.
മാസങ്ങൾക്കുള്ളിൽ ലോക്സഭ തെരഞ്ഞെടുപ്പു വരുന്നതിനാൽ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഇരുവിഭാഗവും കണക്കുകൾ ഉപയോഗിക്കും. ഇതോടെ സാന്പത്തിക പ്രതിസന്ധി തെരഞ്ഞെടുപ്പിലും സജീവ ചർച്ചാ വിഷയമായി മാറാം. സംസ്ഥാന സർക്കാരിന്റെ ധൂർത്താണ് കേരളത്തിൽ സാന്പത്തിക പ്രതിസന്ധിക്കു കാരണമെന്നാണു ബിജെപി ആരോപിക്കുന്നത്. ഇതു സ്ഥാപിക്കാനുള്ള നീക്കങ്ങളാകും ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപു നടത്തുക.
ഗവർണറുടെ നടപടി തീക്കളിയാണെന്ന പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വർഗ- ബഹുജന സംഘടനകളെ അണിനിരത്തി ഗവർണർക്കെതിരേ സമരം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.
സാന്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രനയങ്ങളാണെന്നു വരുത്തിത്തീർക്കാനാകും ഇടതുമുന്നണിയും സംസ്ഥാന സർക്കാരും ശ്രമിക്കുക.