കുട്ടിയെ തട്ടിക്കൊണ്ടുപോകൽ; തെളിവെടുപ്പ് നടത്തി
Sunday, December 10, 2023 1:32 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഓയൂർ ഓട്ടുമലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ചാത്തന്നൂരിലെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പും ഒപ്പം ചോദ്യം ചെയ്യലും നടത്തി. രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പും ചോദ്യം ചെയ്യലും മൂന്നോടെയാണ് അവസാനിപ്പിച്ചത്.
ചാത്തന്നൂർ നിന്നും ഫോറൻസിക് വിദരെയും റവന്യു ഉദ്യോഗസ്ഥരെയും കൂട്ടിയാണ്ക്രൈംബ്രാഞ്ച് പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നത്.
കംപ്യൂട്ടർ, ലാപ്പ്ടോപ്പ്, ഫോൺ എന്നിവയും ബാങ്ക് അക്കൗണ്ടുകളെ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തു. ഡയറികളും ബുക്കുകളും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളായ പദ്മകുമാറി (51)നെയും ഭാര്യ അനിതകുമാരി (39)യേയും മകൾ അനുപമ (21) യേയും ചാത്തന്നൂർ മാന്പള്ളികുന്നത്തെ കവിതാലയത്തിൽ എത്തിച്ചത് . ആദ്യം പത്മകുമാറിനെയാണ് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് സ്ത്രീകളായ മറ്റ് രണ്ടു പേരെയും അകത്തേക്കു കൊണ്ടുപോയത്. തെളിവുകൾ ശേഖരിച്ചതിനുശേഷം രണ്ടുമണിയോടെ പത്മകുമാറിനെ പുറത്തിറക്കി .
കുട്ടിയെ തട്ടികൊണ്ടുപോയ കാറിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കുട്ടിയെ തട്ടികൊണ്ടുപോയ കാർ സംഭവത്തിനു ശേഷം ഉപയോഗിച്ചട്ടില്ല അതിനാൽ കാറിൽ നിന്ന് നിർണായകമായ തെളിവുകൾ ലഭിച്ചതായാണ് വിവരം.
വീട്ടിലെ പരിശോധനകൾക്ക് ശേഷം മൂന്ന് മണിയോടെ അനിതകുമാരി പുറത്ത് എത്തി ആർക്കോ ഫോൺ ചെയ്യുകയും ചെയ്തു.
പിന്നീട് സാധനങ്ങൾ വാങ്ങിയ പാരിപ്പള്ളി കിഴക്കനേലയിലെ കടയിലേക്ക് കൊണ്ടുപോയി. അല്പ സമയം കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി. ഈ കട ഉടമയായ സ്ത്രീയെ കഴിഞ്ഞ ദിവസം ക്രൈം വിളിച്ചു വരുത്തിയിരുന്നു. അവർ പദ്മകുമാറിനെയും അനിതയേയും തിരിച്ചറിഞ്ഞിരുന്നു.