കന്യാതനയൻ
Sunday, December 10, 2023 1:32 AM IST
ഫാ. മൈക്കിൾ കാരിമറ്റം
""കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും'' (ഏശ 7,14).
രക്ഷകനെക്കുറിച്ച് ഏറ്റവുമധികം പ്രവചനങ്ങൾ കാണുന്നത് ഏശയ്യായുടെ പുസ്തകത്തിലാണ്. അവയിൽ ആദ്യത്തേത് അതിപ്രശസ്തമാണ്. കന്യകയിൽനിന്നു ജനിക്കുന്ന പുത്രനെക്കുറിച്ചുള്ളത്. യൂദാ രാജാവായ ഹെസക്കിയായ്ക്ക് കർത്താവ് നല്കുന്ന ഒരടയാളമായിട്ടാണ് ഈ പ്രവചനം പ്രത്യക്ഷപ്പെടുന്നത്.
കടന്നാക്രമിക്കുന്ന അസീറിയാ സൈന്യത്തിനെതിരേ സഖ്യം ചേരാൻ വിസമ്മതിച്ച യൂദായ്ക്കെതിരേ സഖ്യകക്ഷികളായ സിറിയയും ഇസ്രയേലും ബിസി 534ൽ യുദ്ധത്തിനൊരുങ്ങി. ഭയന്നുവിറച്ച യൂദാ രാജാവായ ഹെസക്കിയാ, അസീറിയാ രാജാവിന്റെ സഹായം ചോദിക്കാൻ ഒരുങ്ങി.
ഈ സാഹചര്യത്തിലാണ് വലിയൊരു വാഗ്ദാനവുമായി ഏശയ്യാ പ്രവാചകനെ ദൈവം രാജാവിന്റെ അടുക്കലേക്കയച്ചത്. ദൈവത്തിൽ ആശ്രയിക്കുക. ഒരു സഖ്യത്തിനും പോകരുത്. ദൈവം കാത്തുസംരക്ഷിക്കും. സംശയമുണ്ടെങ്കിൽ ചോദിക്കുക, ഏതടയാളവും ദൈവം തരും. ഇതായിരുന്നു പ്രവാചകൻ വഴി ദൈവം രാജാവിനോടു പറഞ്ഞത്. എന്നാൽ അടയാളം ചോദിക്കാൻ രാജാവ് വിസമ്മതിച്ചു. അപ്പോഴാണ് ദൈവം തന്നെ അടയാളം നൽകുന്നത്(ഏശ 7,1-16).
""കന്യക'' എന്നു വിവർത്തനം ചെയ്യുന്നു. ""അൽമാ'' എന്ന ഹീബ്രു വാക്കിന് ഗർഭധാരണശേഷിയുള്ള സ്ത്രീ എന്നേ അർഥമുള്ളൂ. അവൾ കന്യകയാണോ അല്ലയോ എന്ന് ഈ വാക്കിൽനിന്നു മാത്രം വ്യക്തമല്ല. അതിനാൽ യഥാർഥത്തിൽ അടയാളം ""കന്യക'' ഗർഭം ധരിക്കും എന്നതിനേക്കാൾ തുടർന്നുവരുന്ന കാര്യങ്ങളാണെന്ന് അനുമാനിക്കാൻ കഴിയും.
""യുവതി'' എങ്ങനെ ""കന്യക''യായി എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നു. ബൈബിളിലെ പല വാക്കുകൾക്കും സംഭവങ്ങൾക്കും പ്രത്യക്ഷത്തിൽ കാണുന്നതിനേക്കാൾ ആഴമേറിയ അർഥസൂചനകളുണ്ട് എന്ന കാര്യം ആദ്യമേ ശ്രദ്ധിക്കണം.
അതേസമയം, ഒരേ വാക്കിനു തന്നെ കാലികവും കാലാതീതവുമായ അർഥസൂചനകളും ഉണ്ടാകാം. ആഹാസ് രാജാവിന്റെ ആവശ്യം, തന്നെ ആക്രമിക്കാൻ വരുന്ന ശത്രുസൈന്യത്തിൽനിന്ന് ദൈവം സംരക്ഷണം നൽകും എന്നതിനുള്ള അടയാളമാണ്. അതാണ് ജനിക്കാൻ പോകുന്ന ശിശുവിന് രണ്ടു വയസാകുന്നതിനു മുന്പ് ശത്രുരാജ്യങ്ങൾ നിർജനമാക്കപ്പെടുന്നതും തൈരും തേനും ഭക്ഷിക്കുന്നതും. എന്നാൽ, ഈ പ്രവചനങ്ങളുടെ പ്രസക്തി ഇവിടെ അവസാനിക്കുന്നില്ല.
ബിസി മൂന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ സപ്തതി എന്ന ഗ്രീക്ക് വിവർത്തനം തയാറാക്കിയവർ ""അൽമ'' എന്ന ഹീബ്രുവാക്ക് ""പർത്തെനോസ്'' എന്നാണ് വിവർത്തനം ചെയ്തത്. ""കന്യക'' എന്നാണ് വാക്കിനർഥം. ഇതാണ് മത്താ 1:23ൽ ഉദ്ധരിച്ചിരിക്കുന്നത്.
പ്രവചനത്തിന്റെ രണ്ടുതലങ്ങളിലുള്ള അർഥം ഇവിടെ വ്യക്തമാകുന്നു. പ്രവാചകൻ പറഞ്ഞതും കേൾവിക്കാർക്ക് അനുമാനിക്കാവുന്നതുമായ അടയാളം ഉടനെ സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ചായിരുന്നു. അതു സംഭവിച്ചു. ബിസി 534ൽ. അസീറിയൻ സൈന്യം കടന്നാക്രമിച്ച് സിറിയയും ഇസ്രയേലും കീഴടക്കി. യൂദായ്ക്ക് സംരക്ഷണവും ലഭിച്ചു. എന്നാൽ, പ്രവാചകൻ ഉദ്ദേശിച്ചതിനും കേൾവിക്കാർ മനസിലാക്കിയതിനും ഉപരി ദൈവം നല്കുന്ന ഒരടയാളമാണ് ""കന്യക ഗർഭം ധരിച്ച് പുത്രനെ പ്രസവിക്കും, അവൻ ഇമ്മാനുവൽ എന്ന് വിളിക്കപ്പെടും'' എന്ന പ്രവചനം. ഇവിടെ ""കന്യക'', ""ഇമ്മാനുവൽ'' എന്നീ രണ്ടു വാക്കുകളാണ് ഇന്ന് ശ്രദ്ധാകേന്ദ്രം.
ജനിക്കാൻ പോകുന്ന ശിശുവിന്റെ ഗർഭധാരണം സാധാരണ നടക്കാറുള്ളതുപോലെ ലൈംഗികബന്ധത്തിന്റെ ഫലമായിട്ടായിരിക്കുകയില്ല. ദൈവത്തിന്റെ പ്രത്യേക ഇടപെടൽ വഴി കന്യകയായിരിക്കെത്തന്നെ ഒരുവൾ ഗർഭവതിയാകും. ജനിക്കാൻ പോകുന്ന ശിശു ദൈവംതന്നെ ആയിരിക്കും. ഇം (കൂടെ), അനു (നമ്മോട്), ഏൽ (ദൈവം) എന്നീ മൂന്ന് ഹീബ്രു വാക്കുകൾ കൂടിച്ചേർന്നതാണ് ഇമ്മാനുവേൽ എന്ന പേര്. "" ദൈവം നമ്മോടുകൂടെ'' എന്നർഥം. ബൈബിളിന്റെ ഭാഷയിൽ പേര് ഒരു നിർവചനമാണ്. അതിനാൽ മനുഷ്യനായി പിറന്ന് മനുഷ്യനോടുകൂടെ വസിക്കുന്ന ദൈവമായിരിക്കും കന്യകയിൽനിന്നു ജനിക്കുക.
ഈ പ്രവചനമാണ് നസ്രത്തിലെ കന്യകയായ മറിയത്തിൽനിന്നു ജനിച്ച ഈശോയിൽ പൂർത്തിയായത്.