മാര്‍ ആലഞ്ചേരി അജഗണത്തെ പാടവത്തോടെ നയിച്ച ഇടയന്: മാര്‍ ജോസ് പുളിക്കല്‍
Sunday, December 10, 2023 1:32 AM IST
കാഞ്ഞിരപ്പള്ളി: സീറോ മലബാര്‍ സഭയെ സധൈര്യം നയിക്കുകയും പ്രതിസന്ധികളില്‍ അക്ഷോഭ്യനായി വിശ്വാസത്തിന് സാക്ഷ്യം നല്‍കുകയും ചെയ്ത ഇടയനാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍.
സീറോ മലബാര്‍ സഭയെ ആഗോളതലത്തില്‍ വളര്‍ത്തുന്നതിന് നിർണായക പങ്ക് വഹിച്ച കർദിനാൾ മാര്‍ ആലഞ്ചേരിയോടുള്ള രൂപതയുടെ സ്നേഹാദരവുകള്‍ അറിയിക്കുന്നതായി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.
സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലിന് പാസ്റ്ററല്‍ കൗണ്‍സില്‍ ആശംസകള്‍ നേര്‍ന്നു. പൈതൃകവാത്സല്യത്തോടെ സഭാ മക്കള്‍ക്ക് എഴുതിയ മാര്‍പാപ്പയുടെ കത്ത് ഉള്‍ക്കൊണ്ട് ഒരുമിച്ച് മുന്നോട്ടുപോകേണ്ടതുണ്ടെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. വികാരി ജനറാളും ചാന്‍സലറുമായ റവ.ഡോ. കുര്യന് താമരശേരി സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും ഡോ. ജോസ് കല്ലറക്കല്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
റവ.ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, റവ.ഡോ. മാത്യു ശൗര്യാംകുഴിയില്, ഫാ. ഫിലിപ് തടത്തില്‍, പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.