കാനം വിടവാങ്ങി
Saturday, December 9, 2023 1:36 AM IST
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു. 73 വയസായിരുന്നു. ഇന്നലെ വൈകുന്നേരം 5.30 ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹത്തെ തുടര്‍ന്നുള്ള വൃക്കരോഗങ്ങളും മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാനത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
മൃതദേഹം ഇന്നു രാവിലെ ഏഴിന് നെടുമ്പാശേരിയില്‍നിന്ന് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കും. അവിടെനിന്ന് അദ്ദേഹം താമസിക്കുന്ന പാങ്ങോട് ഇടപ്പഴഞ്ഞിയിലെ വീട്ടിൽ കൊണ്ടുവരും. തുടർന്നു സിപിഐ സംസ്ഥാന ഓഫീസായി പ്രവർത്തിക്കുന്ന പട്ടത്തെ പിഎസ് സ്മാരകത്തിൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ പൊതുദർശനത്തിനു വയ്ക്കും.
പിന്നീട് വിലാപയാത്രയായി കോട്ടയം വാഴൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം നാളെ രാവിലെ 10.30ന് കോട്ടയം വാഴൂരിലെ വസതിയിൽ നടക്കും.
എറണാകുളത്ത് നവകേരള സദസിലുള്ള മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ഇന്നലെ ആശുപത്രിയിലെത്തി അന്ത്യാഞ്ജലിയര്‍പ്പിച്ചു.
പ്രമേഹം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടതു കാല്പാദം മുറിച്ചുമാറ്റിയിരുന്നു. ഇടതുകാലിന് നേരത്തേ അപകടത്തില്‍ പരിക്കേറ്റിരുന്നു. ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞദിവസം ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തില്‍ ചികിത്സയ്ക്കായി അവധി അപേക്ഷ നല്‍കിയിരുന്നെങ്കിലും പകരം ചുമതല ആര്‍ക്കും നല്‍കിയിരുന്നില്ല.
മൂന്നുതവണ സിപിഐ സംസ്ഥാന സെക്രട്ടറിയായ കാനം സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങിവരുമെന്ന് നേതാക്കളും മറ്റുള്ളവരും പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വേര്‍പാട്. ഭാര്യ: വനജ. മക്കള്‍: സന്ദീപ്, സ്മിത. മരുമക്കള്‍: താരാ സന്ദീപ്, വി. സര്വേശ്വരന്. 1950 നവംബര്‍ പത്തിന് കോട്ടയം കാനത്ത് കൂട്ടിക്കലില്‍ വി.കെ. പരമേശ്വരന് നായരുടെയും ചെല്ലമ്മയുടെയും മകനായാണു ജനനം.
1982 ല്‍ വാഴൂരില്‍നിന്ന് നിയമസഭാംഗമായി. രണ്ടു തവണ വാഴൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാര്ലമെന്റേറിയന് എന്ന ഖ്യാതി നേടി.