കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കു തിരി തെളിഞ്ഞു
Saturday, December 9, 2023 1:36 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേള ലോകത്തിലെ ഏതു ചലച്ചിത്രമേളയോടും കിടപിടിക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത നടൻ നാനാ പടേക്കർ മുഖ്യാതിഥിയായി പങ്കെടുത്തു. സിനിമ സ്നേഹത്തിന്റെ ഭാഷയാണെന്ന് അദ്ദേഹം പറഞ്ഞു. സാംസ്കാരികമന്ത്രി സജി ചെറിയാൻ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം വനുരി കഹിയുവിന് മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ സമർപ്പിച്ചു.
ഉദ്ഘാടനചടങ്ങിനെത്തുടർന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിച്ചു. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാൻ ചലച്ചിത്രമേളയിൽ ഒൗദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്.