സാന്പത്തിക അടിയന്തരാവസ്ഥ: ഗവർണർ റിപ്പോർട്ട് തേടിയത് നിയമോപദേശത്തിനു ശേഷം
Saturday, December 9, 2023 1:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സാന്പത്തിക അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന നിവേദനത്തിൽ ഗവർണർ ചീഫ് സെക്രട്ടറിയോടു വിശദീകരണം തേടിയത് നിയമോപദേശത്തിനു ശേഷം.
സംസ്ഥാനം കടുത്ത സാന്പത്തിക അനിശ്ചിതാവസ്ഥയിലായ സാഹചര്യത്തിൽ സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന നിവേദനം ലഭിച്ചതിനു പിന്നാലെ രാജ്ഭവൻ നിയമോപദേശകനെ വിളിച്ചുവരുത്തിയാണ് ഗവർണർ നിയമോപദേശം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറിയോടു റിപ്പോർട്ട് തേടാൻ തീരുമാനിച്ചതും.
സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതി സംബന്ധിച്ചു ഒളിച്ചു വച്ച റിപ്പോർട്ട് ഗവർണർക്കു നൽകാൻ ചീഫ് സെക്രട്ടറിക്ക് ആകില്ല. കാരണം, സാന്പത്തിക സ്ഥിതി അതീവ ഗുരുതരമാണെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിക്കു സംസ്ഥാനം നൽകിയിരുന്നു. ഇതിനു സമാനമായ റിപ്പോർട്ട് മാത്രമേ ഗവർണർക്കും സമർപ്പിക്കാനാകൂ.
സാന്പത്തിക അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടു രാഷ്ട്രപതിക്കു സമർപ്പിക്കേണ്ട റിപ്പോർട്ടായതിനാൽ സർക്കാരുമായി വിശദ ചർച്ച നടത്തിയ ശേഷം മാത്രമേ ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് തയാറാക്കാനാകൂ.
സംസ്ഥാനത്തിന്റെ ഗുരുതര സാന്പത്തികസ്ഥിതി കണക്കിലെടുത്തും ഇക്കാര്യം ശരിവച്ചു ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലും സംസ്ഥാനത്തു സാന്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോടു ശിപാർശ ചെയ്യണമെന്നാവശ്യപ്പെട്ടു പൊതുപ്രവർത്തകനും സേവ് യൂണിവേഴ്സിറ്റി കാന്പയിൻ കമ്മിറ്റി ചെയർമാനുമായ ആർ.എസ്. ശശികുമാറാണ് ഗവർണർക്കു നിവേദനം നൽകിയത്.
സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ ഗൗരവം ഉൾക്കൊണ്ട് അടിയന്തര നടപടി ആവശ്യപ്പെട്ടു ഗവർണർക്കു നിവേദനം ലഭിക്കുന്നത് ഇതാദ്യമാണ്. കെഎസ്ആർടിസി, സപ്ലൈകോ ജീവനക്കാർക്ക് കൃത്യമായി ശന്പളം നൽകുന്നില്ല.
വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുന്നു. കെടിഡിഎഫ്സി സമാഹരിച്ച സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായിട്ടും മടക്കിലഭിക്കാത്തതു മൂലം നിക്ഷേപകർ കോടതിയെ സമീപിച്ചിരിക്കുന്നു.സംസ്ഥാനത്തിന്റെ സാന്പത്തികസ്ഥിതി ഭീതിജനകമാണ്.
ഭരണഘടന അനുശാസിക്കുന്ന പ്രകാരം സംസ്ഥാന ഭരണം നിർവഹിക്കാൻ കഴിയാത്ത നിസഹായാവസ്ഥയാണെന്ന ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം ഹൈക്കോടതി റെക്കോർഡ് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.