മാസപ്പടി ആരോപണം; എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവ്
Saturday, December 9, 2023 1:36 AM IST
കൊച്ചി: കരിമണല്‍ കമ്പനിയില്‍നിന്നു മാസപ്പടി കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള 12 എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. എതിര്‍കക്ഷികളെ കേള്‍ക്കാതെ തീരുമാനമെടുക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി സ്വമേധയാ മുഖ്യമന്ത്രി അടക്കമുള്ളവരെ കക്ഷിചേര്‍ക്കുകയായിരുന്നു.
മാസപ്പടി വിവാദം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയതിനെതിരേ കളമശേരി സ്വദേശി ഗിരീഷ് ബാബു നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. ബാബുവിന്റെ ഉത്തരവ്.
മുഖ്യമന്ത്രി, മകൾ വീണ, അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മറ്റു യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് അനധികൃതമായി മാസപ്പടി കൈപ്പറ്റിയതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയാണ് വിജിലന്‍സ് കോടതി തള്ളിയത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യം നിഷേധിച്ച നടപടി തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
വേവലാതിപ്പെടേണ്ടതു ഞാനല്ലേ: മുഖ്യമന്ത്രി
കൊച്ചി: മാസപ്പടി വിവാദത്തില്‍ നോട്ടീസ് അയയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. തനിക്കുള്ള നോട്ടീസ് വരട്ടെയെന്നും ഇക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ വേവലാതിപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.