ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ; കൂടുതൽ കുട്ടികളെ ലക്ഷ്യമിട്ടതായി സ്ഥിരീകരണം
Saturday, December 9, 2023 1:34 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഓയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ ചോദ്യംചെയ്യല് തുടരുന്നു. പ്രതികൾ മറ്റ് കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നുവെന്ന് ക്രൈംബ്രാഞ്ച് സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളിൽനിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്ത നോട്ടുബുക്കുകളിൽ ഇതു സംബന്ധിച്ച വിവരങ്ങളുണ്ട്.
തട്ടിക്കൊണ്ടുപോകാൻ ഇവർ ലക്ഷ്യമിട്ട കുട്ടികളുടെ പേര്, പോകുന്ന വഴി, കുടുംബ പശ്ചാത്തലം അടക്കമുള്ളവ പ്രതികൾ ശേഖരിച്ചു വച്ചിരുന്നു. തട്ടിയെടുത്താൽ കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള സഞ്ചാരപഥം വരെ പ്രതികൾ തയാറാക്കിയിട്ടുണ്ട് എന്നാണ് കൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മാത്രമല്ല തട്ടിക്കൊണ്ടുപോകുന്ന കുട്ടികളുടെ വീട്ടുകാരുമായി എങ്ങനെ വില പേശണം എന്നിവയിലടക്കം പ്രതികൾ തന്ത്രങ്ങൾ മെനഞ്ഞതായാണ് വിവരം.
തട്ടിക്കൊണ്ടുപോകലിനു പിന്നിൽ ഒരു വർഷത്തെ ആസൂത്രണം എന്ന പ്രതികളുടെ മൊഴിക്ക് കടകവിരുദ്ധമാണ് ഇവരുടെ പ്രവൃത്തികൾ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
പിന്നിൽ മാസ്റ്റർ പ്ലാനും മാസ്റ്റർ ബ്രയിനും പ്രവർത്തിച്ചതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രത്തിനു സമീപവും പള്ളിക്കൽ മൂതലയിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഇവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
അനുപമയ്ക്ക് നിരവധി ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇവർക്ക് വിദേശത്തുനിന്നടക്കം പണമെത്തിയോ എന്നറിയാനും ക്രൈംബ്രാഞ്ച് ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. അനുപമയുടെ ലാപ്ടോപ്പ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബം മറ്റൊരു തട്ടിപ്പുകൂടി ആസൂത്രണം ചെയ്തു എന്ന സംശയവും ബലപ്പെടുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആയിട്ടില്ല.
കസ്റ്റഡിയിൽ ലഭിച്ച ദിവസം രാത്രി 11 വരെ പദ്മകുമാറിനെ വിശദമായി ചോദ്യംചെയ്തു. ഇന്നലെ രാവിലെ ഒമ്പത് മുതൽ അനിതകുമാരിയെയും അനുപമയെയും ഒരുമിച്ചും ഒറ്റയ്ക്കും ചോദ്യംചെയ്യൽ നടത്തി. ഉച്ചകഴിഞ്ഞ് വീണ്ടും പദ്മകുമാറിനെയും ചോദ്യം ചെയ്തു. മൂന്നു പേരുടെയും മൊഴികളിൽ നിരവധി വൈരുധ്യങ്ങൾ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നു.
പദ്മകുമാർ ചില ഘട്ടങ്ങളിൽ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നുമില്ല. പ്രതികൾ തെങ്കാശിയിലേയ്ക്ക് രക്ഷപ്പെടാൻ ഉപയോഗിച്ച നീല കാർ ഇന്നലെ കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്.
പ്രതികൾക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്ന ബാങ്കുകളിലും ഇതര സ്ഥാപനങ്ങളിലും നിന്ന് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് അവർക്ക് നേരിട്ട് നോട്ടീസ് നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കി തെളിവെടുപ്പിലേക്ക് കടക്കാനാകുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.