കത്തോലിക്ക കോൺഗ്രസ് അതിജീവനയാത്രയ്ക്ക് 12നു കാസർഗോട്ട് തുടക്കം
Saturday, December 9, 2023 1:34 AM IST
കണ്ണൂർ: ‘തകരുന്ന കേരളം, ഉണരൂ പോരാട്ടത്തിനായ്’ എന്ന മുദ്രാവാക്യം ഉയർത്തി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ നടത്തുന്ന കർഷക ‘അതിജീവനയാത്ര’യുടെ തലശേരി അതിരൂപതാതല ഉദ്ഘാടനം 11നു നടക്കും.
ഇരിട്ടിയിൽ വൈകുന്നേരം നാലിനു തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുമെന്ന് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിലും അതിരൂപതാ പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേലും പത്രസമ്മേളനത്തിൽ അറിയിച്ചു.
കത്തോലിക്ക കോൺഗ്രസ് ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. ഉദ്ഘാടനത്തിനു മുന്നോടിയായി ഇരിട്ടി മേഖലയിൽ വന്യജീവി ആക്രമണം മൂലം കൊല്ലപ്പെട്ടവരുടെ കല്ലറകളിൽ ഗ്ലോബൽ ഭാരവാഹികൾ ആദരാഞ്ജലികൾ അർപ്പിക്കും.
തുടർന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളിൽനിന്നു സ്വീകരിക്കുന്ന പതാക ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും മാർ റെമിജിയോസ് ഇഞ്ചനാനിയിലും ജാഥാ ക്യാപ്റ്റൻ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ബിജു പറയന്നിലത്തിനു കൈമാറും. ഉദ്ഘാടനസമ്മേളനത്തോടനുബന്ധിച്ച് ഇരിട്ടിയിൽ റാലിയും നടക്കും.
വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം കണ്ടെത്തുക, റബർ-നെല്ല്-നാളികേരം ഉൾപ്പെടെയുള്ള കാർഷികോത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങി കേരളത്തിലെ ജനങ്ങൾ ഇന്ന് അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം തേടുകയാണ് അതിജീവനയാത്ര.
12ന് രാവിലെ പത്തിന് കാസർഗോഡ് വെള്ളരിക്കുണ്ടിൽനിന്നു ജാഥ ആരംഭിക്കും. സ്വീകരണയോഗം വികാരി ജനറൽ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ഉദ്ഘാടനം ചെയ്യും.