വ്യാജരേഖ സമർപ്പിച്ച് സിഎച്ച്ആർ ഭൂമി വനമാക്കാനുള്ള ശ്രമം പാളുന്നു
Saturday, December 9, 2023 1:34 AM IST
ജെയിസ് വാട്ടപ്പിള്ളിൽ
തൊടുപുഴ: കുടിയേറ്റ കർഷകന്റെ വിയർപ്പുകണങ്ങൾ വീണ സിഎച്ച്ആർ ഭൂമി വനമേഖലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംഘടനയായ വണ്‍ എർത്ത് വണ്‍ ലൈഫ് നൽകിയ ഹർജിയിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി.
2,15,720 ഏക്കർ ഭൂമി ഫോറസ്റ്റ് മാനേജ്മെന്റ് പ്ലാനിൽ ഉൾപ്പെടുത്തി സംരക്ഷിതവനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 2002-ലാണ് പരിസ്ഥിതി സംഘടന ഹർജി ഫയൽചെയ്തത്.
ഇതേത്തുടർന്നു എംപവേഡ് കമ്മിറ്റിയോട് നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശം നൽകുകയായിരുന്നു.
എംപവേഡ് കമ്മിറ്റി സംസ്ഥാന സർക്കാരിനോട് വിശദാംശങ്ങൾ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ സർക്കാർ മറുപടി നൽകിയില്ല. തുടർന്ന് 2005-ൽ എംപവേഡ് കമ്മിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ 2,15,720 ഏക്കർ വനമായി പ്രഖ്യാപിച്ച സ്ഥലമാണെന്നും ഇതിനു വിരുദ്ധമായ പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഇതു പുതിയ കേസായി ഫയലിൽ സ്വീകരിക്കുകയും സംസ്ഥാന സർക്കാരിനോട് സത്യവാങ് മൂലം സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. 2007-ൽ അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 15,720 ഏക്കർ ഭൂമി മാത്രമാണ് വനമേഖലയെന്നും ഇതു സിഎച്ച്ആറിനു പുറത്താണെന്നും വനഭൂമിയായ പ്രദേശങ്ങൾ അതേ നിലയിൽ സംരക്ഷിച്ചുവരുന്നുണ്ടെന്നും പരിസ്ഥിതി സംഘടന ഹാജരാക്കിയത് യഥാർഥ രേഖയല്ലെന്നും സിഎച്ച്ആർ പൂർണമായും റവന്യുഭൂമിയാണെന്നും കോടതിയെ അറിയിച്ചു.
ഇതിനിടെ 2006-ൽ കർഷക സംഘടനകളായ കന്പം കാർഡമം ഗ്രോവേഴ്സ് യൂണിയനും വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസോസിയേഷനും കേസിൽ കക്ഷിചേർന്നു. ഇവരും സിഎച്ച്ആർ ഭൂമി സംബന്ധിച്ച് തിരുവനന്തപുരത്തെ പുരാവസ്തുവകുപ്പിൽനിന്നു ലഭിച്ച യഥാർഥ രേഖ ഹാജരാക്കുകയും കൃത്രിമരേഖ സമർപ്പിച്ച വണ്‍ എർത്ത് വണ്‍ ലൈഫിനെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.
2010-ൽ കർഷകസംഘടനകൾക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ നാഗേശ്വര റാവു മുഖാന്തിരം എതിർ സത്യവാങ് മൂലം ഫയൽ ചെയ്യുകയുമുണ്ടായി.
കഴിഞ്ഞ ഫെബ്രുവരി 10നു കേസ് വീണ്ടും പരിഗണിച്ച സുപ്രീംകോടതി, വനസംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന 1980 ഒക്ടോബർ 25നു ശേഷമുള്ള സിഎച്ച്ആർ മേഖലയിലെ ഭൂമിസംബന്ധമായ സത്യവാങ്മൂലം ഫയൽചെയ്യാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ ഏലമല പ്രദേശങ്ങൾ റവന്യു ഭൂമിയാണെന്നും ഒരിക്കലും വനപ്രദേശമല്ലെന്നും സത്യവാങ്മൂലം നൽകിയതിനെത്തുടർന്നു പരിസ്ഥിതി സംഘടന ഹാജരാക്കിയ രേഖയുടെ ഒറിജിനൽ ഹാജരാക്കാൻ ഉത്തരവിടുകയും ചെയ്തു.
കന്പം കാർഡമം ഗ്രോവേഴ്സ് യൂണിയനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ഗിരിയുടെ വാദം അംഗീകരിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ജനുവരി 10നു സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.