വിജയക്കൊടി പാറിച്ച കാനം രാജേന്ദ്രന്
Saturday, December 9, 2023 1:27 AM IST
റെജി ജോസഫ്
കോട്ടയം: വാഴൂരിലെ കാനം ഗ്രാമത്തില്‍നിന്നു കേവലം പത്തൊന്‍പതാം വയസില്‍ സിപിഐ യുവജനസംഘടനയായ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയായപ്പോള്‍ സിപിഐ സംസ്ഥാന നേതാക്കള്‍ രാജേന്ദ്രന് സമ്മാനിച്ച വിലാസമാണ് കാനം.
1969ല്‍ സി.കെ. ചന്ദ്രപ്പന് എഐവൈഎഫ് ദേശീയ നേതൃപദവിയിലേക്ക് മാറിയ വേളയിലാണ് അന്ന് പഞ്ചായത്ത് മെംബറോ വോട്ടറോ ആകാനൊന്നും പ്രായമെത്താത്ത കാനം രാജേന്ദ്രന് ഈ പദവിയിലെത്തിയത്. ഇരുപതാം വയസില്‍ സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ തലമുതിര്‍ന്ന നേതാക്കളുടെ ഇടയില്‍ കാനത്തിനും ഇടംകിട്ടി.
കാനം കൊച്ചുകാവില്പുരയിടം വി.കെ. പരമേശ്വരന്‍നായരുടെയും ചെല്ലമ്മയുടെയും മകനായ രാജേന്ദ്രന് പില്ക്കാലത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയും എഐടിയുസി ദേശീയ കൗണ്‍സില്‍ അംഗവും ഇടതുമുന്നണി രാഷ്ട്രീയത്തിലെ താരവുമായി.
കൊച്ചുകാഞ്ഞിരപ്പാറ ഗവ. എല്‍പിഎസ്, വാഴൂര്‍ എസ്ആര്‍വി എന്‍എസ്എസ് എച്ച്എസിലും സ്കൂള്‍ പഠനശേഷം കോട്ടയം ബസേലിയസ് കോളജില്‍ പ്രീഡിഗ്രിക്കുപരി വിദ്യാഭ്യാസമില്ലാത്ത കാനം കേരള രാഷ്ട്രീയത്തിലെ മുന്‍നിര നേതാവും സിപിഐയുടെ ആചാര്യസ്ഥാനീയനുമായി വളര്‍ന്നതു തനത് സിദ്ധിബുദ്ധി വൈഭവത്തിന്റെ പിന്‍ബലത്തിലാണ്.
പഴയ വാഴൂര്‍ നിയമസഭാ മണ്ഡലത്തില്‍ 1982ല്‍ 32-ാം വയസില്‍ കേരള കോണ്‍ഗ്രസ്-എമ്മിലെ എം.കെ. ജോസഫിനെ 5419 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കാനം അപ്രതീക്ഷിതമായ വിജയം നേടി. 87ല്‍ മുന്‍ ആഭ്യന്തരമന്ത്രിയും വാഴൂര്‍ സ്വദേശിയുമായിരുന്ന പി.ടി. ചാക്കോയുടെ പുത്രന് പി.സി. തോമസിനെ കേരള കോണ്‍ഗ്രസ്-എം കാനത്തിനെതിരെ മത്സരിപ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കാനം പി.സി. തോമസിനെ 2243 വോട്ടുകള്‍ക്ക് തോല്പിച്ചു. മൂന്നാമൂഴത്തില്‍ കാനത്തെ പ്രഫ. കെ. നാരായണക്കുറുപ്പ് പരാജയപ്പെടുത്തി വാഴൂര്‍ മണ്ഡലം യുഡിഎഫിലെത്തിച്ചു.
വാഴൂര്‍ ഗവ. പ്രസ് ഉള്‍പ്പെടെ ഏറെ വികസനപദ്ധതികള്‍ മണ്ഡലത്തില്‍ കാനത്തിന്റെ കൈയൊപ്പായുണ്ട്.
മൂന്നാമൂഴത്തിലെ വാഴൂര്‍ തോല്‍വിയോടെ കാനം കോട്ടയവും വാഴൂരും വിട്ട് തട്ടകം തിരുവനന്തപുരത്തേക്കു മാറ്റി. പിന്നീട് നാട്ടിലും വീട്ടിലും അതിഥിയെപ്പോലെ മാത്രം എത്താനുള്ള സമയമേ ലഭിച്ചിരുന്നുള്ളൂ. പില്ക്കാലത്ത് വാഴൂരിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്പോലും ഒന്നോ രണ്ടോ തവണയില്‍ ഒതുങ്ങിയിരുന്നു ഓട്ടപ്രദക്ഷിണം.
എഐടിയുസി സംസ്ഥാന സെക്രട്ടറിയും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായി കാല്‍നൂറ്റാണ്ട് കാനം പ്രവര്‍ത്തിച്ചു. 2015ല്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഉരുളയ്ക്കുപ്പേരി മറുപടിയും ഒരാള്‍ക്കും പിടികൊടുക്കാത്ത രാഷ്ട്രീയ കൗശലവുമായി കാനം സിപിഐയുടെ അവസാനവാക്കായി, ഇടതുമുന്നണിയുടെ മുന്‍നിര നേതാക്കളിലൊരാളായി.
സിപിഎമ്മിന്റെ വല്യേട്ടന് നിലപാടുകളെ പലപ്പോഴും വിമര്‍ശിക്കുകയും സിപിഐക്ക് തനതായ നിലപാടുണ്ടെന്ന് ഇടതുമുന്നണിയില്‍ തുറന്നടിക്കുകയും ചെയ്തിരുന്ന കാനം പാര്‍ട്ടിക്കുള്ളില്‍ വിപ്ലവകരം എന്നു വിശേഷിപ്പിക്കാവുന്ന നയങ്ങള്‍ ആവിഷ്കരിച്ചു.
രണ്ടു തവണ വിജയിച്ച എല്‍എല്‍എമാര്‍ വീണ്ടും മത്സരിക്കേണ്ടെന്ന കാനംനയം സിപിഐ നേതാക്കളിലും അണികളിലും ഞെട്ടലുളവാക്കി. ഒന്നാം പിണറായി സര്‍ക്കാരില്‍ മികച്ച പ്രകടനം നടത്തിയ മന്ത്രിമാരെയും ഏഴ് സിറ്റിംഗ് എംഎല്‍എമാരെയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒഴിവാക്കി. പലരും മുറുമുറുത്തപ്പോള്‍ അച്ചടക്കത്തിന്റെ ചൂരല്‍ ഉയര്‍ത്തി പലരെയും അടക്കിയിരുത്താനും ഭയമുണ്ടായില്ല.
പിന്നീട് മൂന്നാമൂഴം വേണ്ടെന്ന കാനം പോളിസിയോട് സിപിഎമ്മും കൂറു പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയപ്പോള്‍ ഇടതുമുന്നണിയിലെ രണ്ടാം സ്ഥാനം സിപിഐക്ക് മാത്രം അവകാശപ്പെട്ടതാണെന്നും അവകാശവാദങ്ങളുമായി ആരും വരേണ്ടെന്നും അദ്ദേഹം നിലപാട് പ്രഖ്യാപിച്ചു.