വിടവാങ്ങിയത് ഇടതുപക്ഷത്തിന്റ കാവലാള്‍: ഇ. ചന്ദ്രശേഖരന്
Saturday, December 9, 2023 1:27 AM IST
കാഞ്ഞങ്ങാട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തോടെ നഷ്ടമായത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷത്തിന്റെയും കാവലാളായി നിന്ന ശക്തനായ നേതാവിനെയെന്ന് സിപിഐ ദേശീയ കൗണ്‍സിലംഗം ഇ. ചന്ദ്രശേഖരന് എംഎല്‍എ.
അദ്ദേഹവുമായി അരനൂറ്റാണ്ടുകാലത്തെ ഊഷ്മളമായ സ്നേഹബന്ധമാണുണ്ടായിരുന്നത്. അദ്ദേഹം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ആയ സമയം ഞാന്‍ എഐവൈഎഫ് അവിഭക്ത കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
അന്നു മുതല്‍ എഐവൈഎഫിലൂടെയും എഐടിയുസിയിലൂടെയും പ്രവര്‍ത്തന രംഗത്ത് സജീവമായ കാലത്തും ഞങ്ങള്‍ നല്ല വ്യക്തിബന്ധം നിലനിര്‍ത്തി. ശസ്ത്രക്രിയയെ തുടര്ന്ന്ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയുണ്ടായി. അസുഖം മാറി തിരിച്ചുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.- ചന്ദ്രശേഖരന് പറഞ്ഞു.