പൊതുപ്രവർത്തനത്തിന് അവധിനൽകാത്ത നേതാവ്
Saturday, December 9, 2023 1:27 AM IST
എം. പ്രേംകുമാർ
തിരുവനന്തപുരം: അവശ്യഘട്ടങ്ങളിൽ കോപിച്ചും ചിലപ്പോഴൊക്കെ തലോടിയും ഇടതുപക്ഷ നിലപാടിൽ വെള്ളം ചേർക്കാത്ത നേതാവായിരുന്നു കാനം രാജേന്ദ്രൻ. വെളിയം ഭാർഗവനും സി.കെ. ചന്ദ്രപ്പനും പിന്നാലെ സിപിഐയുടെ അമരക്കാരനായി കാനം രാജേന്ദ്രൻ എത്തുന്നത് ഒരു പക്ഷേ അദ്ദേഹത്തിന്റെ വിയോഗം പോലെ തന്നെ തികച്ചും അപ്രതീക്ഷിതമായിരുന്നു.
നിലപാടുകളിലും തീരുമാനങ്ങളിലും തന്റെ മുൻഗാമികളേക്കാൾ കാർക്കശ്യം പുലർത്തിയിരുന്ന കാനത്തിനു അതുകൊണ്ടു തന്നെ സിപിഐ പ്രവർത്തകരുടെ ഹൃദയത്തിൽ പെട്ടെന്ന് ഇടംപിടിക്കാനായി. 2015 മുതൽ പാർട്ടിയുടെ പകരക്കാരനില്ലാത്ത അമരക്കാരനായി അദ്ദേഹം മാറി. ഇടതു സർക്കാരിനെ തിരുത്തിയും സംരക്ഷിച്ചും മുന്നോട്ടുപോയ കാനം ബാക്കിവച്ചു പോയതു നവീകരണം പൂർത്തീകരിക്കാനാകാത്ത എം.എൻ. സ്മാരകം മാത്രമാണ്.
സിപിഐ കെ.ഇ. ഇസ്മയിൽ ചിന്തിക്കുന്നതുപോലെ മുന്നോട്ടുപോയിരുന്ന കാലം. പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സി.കെ.ചന്ദ്രപ്പന്റെ മരണത്തെ തുടർന്ന് ഇസ്മയിൽ പുതിയ സെക്രട്ടറിയാകുമെന്നു വിചാരിച്ചവർ പ്രവർത്തകരെ പോലെ തന്നെ പാർട്ടി നേതൃത്വത്തിലും ഏറെ. ഇതിനിടെ എഐടിയുസിയുടെ തലപ്പത്തുള്ളവരിൽ ചിലർക്കു കാനം രാജേന്ദ്രൻ പാർട്ടി സെക്രട്ടറിയാകണമെന്ന മോഹമുണ്ടായി. പാർട്ടി സമ്മേളനങ്ങൾ തുടങ്ങി. ഇസ്മയിൽ പക്ഷത്തെ പ്രമുഖരായ ജില്ലാ നേതാക്കൾ കാനം പക്ഷത്തേക്ക് അടുത്തു.
ജില്ലാ സമ്മേളനങ്ങളിൽ ഇസ്മയിൽ പക്ഷത്തെ വെട്ടിനിരത്തിയ കാനം 2015-ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി. പിന്നീടിങ്ങോട്ടു സിപിഐയിൽ കാനം യുഗമായിരുന്നു. ഇസ്മയിലിന്റെയും സി. ദിവാകരന്റെയും വിമർശനങ്ങൾ അവരിൽ മാത്രം ഒതുങ്ങി. ഈ രണ്ടുപേർക്കും അനുകൂലമായി ഒരക്ഷരം ഉരിയാടാൻ പോലും പാർട്ടിയിൽ ആളില്ലാതായി. ഒടുവിൽ കാനം മൂന്നാമതും സംസ്ഥാന സെക്രട്ടറിയാകുന്ന തിരുവനന്തപുരത്തെ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ ശബ്ദത്തിന് എതിർശബ്ദമില്ലാതായി.
നിലപാടുകളിൽ കാർക്കശ്യം
ഇടതുപക്ഷം ഒരുപക്ഷേ കടുത്ത വലതുപക്ഷ വ്യതിയാനങ്ങളിലേക്കു മാറാതിരിക്കാനുള്ള കാരണം കാനം രാജേന്ദ്രനായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന ആദ്യത്തെ ഇടതുപക്ഷ സർക്കാരിൽ കാനം രാജേന്ദ്രൻ പ്രതിപക്ഷത്തിന്റെ റോൾ എടുക്കുന്നുവെന്ന സിപിഎം നേതാക്കളുടെ വിമർശനം നിരന്തരമായി ഉണ്ടായി.
ഇടതുമുന്നണി യോഗത്തിൽ തിരുത്തൽ ശക്തിയായി നിലകൊണ്ട കാനം പലഘട്ടങ്ങളിലും പാർട്ടി യോഗത്തിൽ മാത്രമല്ല പുറത്തും അതു പ്രകടമാക്കി. അദ്ദേഹത്തിന്റെ കാർക്കശ്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മുന്നണിയിലും സർക്കാരിലും തിരുത്തലുകൾക്കു കാരണമായി. മാവോയിസ്റ്റുകളെ വെടിവച്ചുകൊന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരവകുപ്പിനെതിരേ പരസ്യമായിത്തന്നെ രംഗത്തുവന്നു. മാവോയിസ്റ്റ് വിഷയം മാത്രമല്ല പോലീസ് ആക്ട് പരിഷ്കരണ വിഷയത്തിലും ശക്തമായ നിലപാടാണു കാനം സ്വീകരിച്ചത്.
സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയാണ് ഇടതുപക്ഷത്തിനു ഭൂഷണമല്ലാത്ത ഈ രണ്ടു വിഷയങ്ങളിലും തിരുത്തലുണ്ടായത്. സിപിഎം സമ്മേളനങ്ങളിലും കാനവും സിപിഐയും ഏറെ വിമർശിക്കപ്പെട്ടു. എന്നിട്ടും ഒരു കുലുക്കവും കാനത്തിനുണ്ടായില്ല. സൗമ്യതയോടെയുള്ള മൂർച്ചയുള്ള വാക്കുകളാണു കാനത്തിന്റെ രാഷ്ട്രീയ ആയുധം. അതു മുന്നണിയിൽ മാത്രമല്ല സ്വന്തം പാർട്ടിയിലും അനുഭവിച്ചറിഞ്ഞവർ ഏറെയാണ്.
ബന്ധങ്ങൾ തകരാതെ
മുന്നണി ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ കാനം രാജേന്ദ്രൻ വഹിച്ച പങ്ക് സിപിഎം പോലും പ്രകീർത്തിച്ചിട്ടുണ്ട്. കേരള കോണ്ഗ്രസ് -എം യുഡിഎഫ് വിട്ടു ഇടതുമുന്നണിയിലേയ്ക്കു വരുന്നതിൽ കാനം തന്റെ റോൾ ഭംഗിയായി നിർവേറ്റി. ജോസ് കെ.മാണിയുടെ പാർട്ടിയെ ഇടതുമുന്നണിയിൽ എടുക്കുന്നതിൽ സിപിഐയിലും വിമർശനമുണ്ടായിരുന്നു. അവസരം കിട്ടുന്പോഴെല്ലാം കാനത്തെ പ്രത്യക്ഷമായും പരോക്ഷമായും വിമർശിച്ചിരുന്ന ഇസ്മയിലും ദിവാകരനും വീണുകിട്ടിയ വടിയെന്ന നിലയിൽ കേരള കോണ്ഗ്രസ്-എം ബന്ധത്തെ കാനത്തിനെതിരെ ഉപയോഗിച്ചു. പക്ഷേ തന്റെ സംഘടനാ പാടവം കൊണ്ട് അദ്ദേഹം അതിനെയും മറികടന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനുമായി അദ്ദേഹത്തിനുണ്ടായിരുന്ന ആത്മബന്ധം സിപിഎമ്മുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമായി നിലനിർത്താൻ സഹായിച്ചു. മുന്നണിയിലെ രണ്ടാം കക്ഷി കേരള കോണ്ഗ്രസ്-എം ആകുമെന്ന കുത്തിപ്പറച്ചിലുകളെയും രാഷ്ട്രീയ സംയമനത്തോടെ കാനം നേരിട്ടു. എന്നാൽ ആവശ്യമായ ഘട്ടങ്ങളിൽ ജോസ് കെ. മാണിയുടെ പാർട്ടിയെ വിമർശിക്കുകയും ചെയ്തു.
കെ.എം. മാണിയെ രാഷ്ട്രീയമായി ശക്തമായി എതിർത്തിരുന്ന സിപിഎം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ മകൻ നേതൃത്വം നൽകുന്ന കേരള കോണ്ഗ്രസ്-എമ്മിനെ ഇടതുമുന്നണിയിലേക്കു ക്ഷണിച്ചു.
കാനത്തിന്റെ കൂടി മൗനാനുവാദത്തോടെയായിരുന്നു കോടിയേരി ബാലകൃഷ്ണൻ അങ്ങനെയൊരു നീക്കം നടത്തിയത്. വെളിയവും ചന്ദ്രപ്പനും ചെയ്യാത്ത കാര്യം കാനം രാജേന്ദ്രൻ ചെയ്തു. ഇതോടെ കാനം സിപിഎമ്മിന് അടിമപ്പെടുന്നുവെന്ന ആരോപണം സിപിഐയിൽ മെല്ലെ ഉയർന്നു. പാർട്ടി സമ്മേളനങ്ങളിൽ ചില പ്രതിനിധികൾ ഇക്കാര്യം പറയാതെ പറഞ്ഞു.
അതിനു കാനം നൽകിയ മറുപടി ഇങ്ങനെ.. “കേരളത്തിൽ മാത്രമാണ് ഒരു ഇടതു സർക്കാർ ഭരണത്തിലുള്ളത്. ബിജെപിയെ നേരിടാൻ ഇടതുപക്ഷ പാർട്ടികൾക്കേ കഴിയൂ. അതിനു കേരളം നേതൃത്വം കൊടുക്കണം. സിപിഎമ്മിനെ വിമർശിച്ചു കൈയടി നേടുകയല്ല, മറിച്ചു മുന്നണി ബന്ധം കൂടുതൽ ശക്തിയോടെ നിലനിർത്തി മുന്നോട്ടു പോകണം. അതാണ് ഈ കാലഘട്ടത്തിൽ സിപിഐയുടെ രാഷ്ട്രീയ ഉത്തരവാദിത്തം”. ഇങ്ങനെയാണു കാനം രാജേന്ദ്രൻ തന്റെ പാർട്ടിയെ കാലത്തിനൊത്തു രാഷ്ട്രീയമായി രൂപപ്പെടുത്തിയത്.