നവകേരള സദസിന് സംഭാവന നല്‍കിയില്ല, ഇറച്ചിക്കട പൂട്ടിച്ചു
Saturday, December 9, 2023 1:27 AM IST
കുറ്റൂര്‍ (തൃശൂർ): നവകേരള സദസിനു സംഭാവന നല്‍കാത്തതിന്റെ പേരില്‍ കോഴിവില്പന കേന്ദ്രം പൂട്ടിച്ചെന്ന് ആരോപണം. കടയുടമയും ഭാര്യയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസിലെത്തി ശരീരത്തില്‍ പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി.
കോലഴി പഞ്ചായത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസിലാണ് സംഭവം. ഓഫീസ് മുറി അടച്ചിട്ടാണു ദമ്പതികള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മുന്നില്‍ ആത്മഹത്യാഭീഷണി മുഴക്കിയത്. ഒന്നരമണിക്കൂറോളം പോലീസിനെയും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ദമ്പതികള്‍ മുള്‍മുനയില്‍ നിര്‍ത്തി.
വിയ്യൂര്‍ പോലീസ്, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍, കോലഴി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, റവന്യൂ ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫോണിലൂടെയും ജനല്‍ വഴിയും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ദമ്പതികൾ പിന്‍വാങ്ങുകയായിരുന്നു.
കുറ്റൂര്‍ വലിയപറമ്പ് ഭാഗത്തു വര്‍ഷങ്ങളായി കോഴിയിറച്ചി, പച്ചക്കറി, പോത്തിറച്ചി കച്ചവടം നടത്തിവരുന്ന മനോജാണ് ആത്മഹത്യാഭീഷണിയുമായി എത്തിയത്. ദിവസങ്ങള്‍ക്കുമുമ്പ് നവകേരളസദസിനായി 10,000 രൂപ സംഭാവന വേണമെന്നാവശ്യപ്പെട്ടു പ്രവര്‍ത്തകര്‍ വന്നെന്നും അവരുമായി തര്‍ക്കമു ണ്ടായെന്നും മനോജ് പറഞ്ഞു.
തുടർന്ന് സ്ഥാപനം വൃത്തിഹീനമായ സാഹചര്യത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും മാലിന്യസംസ്കരണ സംവിധാനം ഇല്ലെന്നും പറഞ്ഞ് ആരോഗ്യവകുപ്പിനും പഞ്ചായത്തിനും നല്കിയ പരാതിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് എത്തി വില്പനകേന്ദ്രം അടപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് മനോജും ഭാര്യയും ആത്മഹത്യാഭീഷണിയുമായി എത്തിയത്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകരം എത്തിയ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും പോലീസും ചേര്‍ന്നു നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്, എത്രയും വേഗം കോഴിയിറച്ചിക്കടയില് പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തി സ്ഥാപനം പുനരാരംഭിക്കാൻ ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.