കളമശേരി സ്ഫോടനം: ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു ; മരണം എട്ടായി
Friday, December 8, 2023 7:02 AM IST
കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച ഭര്‍ത്താവിനു പിന്നാലെ ഭാര്യയും മരിച്ചു.
വണ്ടമറ്റം കുളങ്ങര തൊട്ടിയില്‍ ജോണിന്റെ ഭാര്യയും നെടുമറ്റം സഹകരണബാങ്ക് റിട്ട. ഉദ്യോഗസ്ഥയുമായ ലില്ലി (76) യാണ് ഇന്നലെ മരിച്ചത്. ഇതോടെ സ്ഫോടനത്തിലെ മരണം എട്ടായി. ലില്ലിയുടെ ഭര്‍ത്താവ് റിട്ട. റവന്യൂ ഉദ്യോഗസ്ഥന് കെ.എ. ജോണ്‍ കഴിഞ്ഞ രണ്ടിനാണു മരിച്ചത്. കഴിഞ്ഞദിവസമാണു ജോണിന്റെ സംസ്കാരം നടത്തിയത്.
സ്ഫോടനത്തില്‍ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ലില്ലി സുഖം പ്രാപിച്ചുവെങ്കിലും ഇന്നലെ ഉച്ചകഴിഞ്ഞു 3.03ന് ഹൃദയാഘാതത്തെത്തുടർന്നു മരിക്കുകയായിരുന്നു.
മൃതദേഹം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്. മക്കള്‍: ലിജോ, ലിജി, ലിന്റോ. മരുമക്കള്‍: മിന്റു കളത്തൂര്‍ മഠത്തില്‍, പള്ളിക്കത്തോട്, സൈറസ് വടക്കേകുടിയിരുപ്പില്‍ കൂത്താട്ടുകുളം, റീന.