നവകേരള സദസിനിടെ അങ്കമാലിയിലും ആലുവയിലും മർദനം
Friday, December 8, 2023 7:02 AM IST
കൊച്ചി: നവകേരള സദസ് നടന്ന എറണാകുളം ജില്ലയിലെ അങ്കമാലി, ആലുവ മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പച്ചക്കറി വ്യാപാരിക്കും ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനം. അങ്കമാലിയിലെ സമ്മേളനവേദിയിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനായി ടിബി ജംഗ്ഷനില്‍ കാത്തുനിന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണു ഡിവൈഎഫ്ഐ പ്രവര്‍ത്തകരില്‍നിന്നു മര്‍ദനമേറ്റത്.
പോലീസ് ഇടപെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു സ്റ്റേഷനില്‍ കൊണ്ടുപോയി. പിന്നീട് ജാമ്യത്തില്‍ വിട്ടു.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആലുവ മാര്‍ക്കറ്റിലെ വ്യാപാരിക്കും സിപിഎം പ്രവര്‍ത്തകരില്‍നിന്ന് മര്‍ദനമേല്‍ക്കേണ്ടിവന്നു. മുഖ്യമന്ത്രി എത്തുന്നതിനു തലേന്നാണ് ഇയാള്‍ സുഹൃത്തുക്കളോടായി മുഖ്യമന്ത്രിയെ വധിക്കുമെന്നു പറഞ്ഞത്. ഇതു മാര്‍ക്കറ്റിലാകെ സംസാരമായി. ഇന്നലെ രാവിലെ ഏതാനും സിപിഎം പ്രവര്‍ത്തകര്‍ ഇദ്ദേഹത്തിന്റെ അടുത്തെത്തി താന്‍ മുഖ്യമന്ത്രിയെ വധിക്കുമെന്ന് പറഞ്ഞിരുന്നോയെന്നു ചോദിച്ചു. പറഞ്ഞുവെന്ന് ആവര്‍ത്തിച്ചതോടെ പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
അതിനിടെ ആലുവയില്‍ ക്രൂരപീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നവകേരള സദസിലെത്തി മുഖ്യമന്ത്രിയെ കണ്ട് നന്ദി പറഞ്ഞു. പ്രതിക്കു വധശിക്ഷ വാങ്ങിക്കൊടുക്കുന്ന നിലയില്‍ പോലീസും സര്‍ക്കാരും ഒപ്പം നിന്നതിനാണു വേദിയിലെത്തി മുഖ്യമന്ത്രിയോട് നേരിട്ടു നന്ദി പറഞ്ഞത്.