പ്രതികൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ; ചോദ്യംചെയ്യൽ ആരംഭിച്ചു
എസ്.ആർ. സുധീർ കുമാർ
Friday, December 8, 2023 7:02 AM IST
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ ഏഴ് ദിവസത്തേക്കു കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ചാത്തന്നൂർ മാമ്പള്ളിക്കുന്നു കവിതാരാജിൽ കെ.ആർ.പദ്മകുമാർ (52), ഭാര്യ എം.ആർ. അനിതാ കുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് കൊട്ടാരക്കര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസം കസ്റ്റഡിയിൽ വിട്ടത്.
കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പ്രതികളെ ഏഴ് ദിവസത്തേക്കു കസ്റ്റഡിയിൽ വേണമെന്നായിരുന്നു ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകിയത്. ഇത് കോടതി പൂർണമായും അംഗീകരിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞതിനാൽ ഇത്രയും ദിവസം കസ്റ്റഡിയിൽ വയ്ക്കേണ്ടതില്ലായെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കോടതി തള്ളുകയായിരുന്നു.
കനത്ത പോലീസ് ബന്തവസിലാണ് പ്രതികളെ ഇന്നലെ കൊട്ടാരക്കര കോടതിയിൽ കൊണ്ടുവന്നത്. പ്രതികളെ പോലീസ് ഏറെ പണിപ്പെട്ടാണ് കോടതി മുറിയിൽ എത്തിച്ചതും പിന്നീട് പുറത്ത് കൊണ്ടുവന്നതും. വൻ ജനാവലിയാണു പ്രതികളെ കാണാൻ കോടതി പരിസരത്ത് എത്തിയത്.
കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം അന്വേഷണ സംഘം പ്രതികളെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധനയ്ക്കു വിധേയമാക്കി.
തുടർന്ന് ഇവരെ കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. ഒന്നാം പ്രതി പദ്മകുമാറിനെയാണ് ഇന്നലെ പ്രധാനമായും അന്വേഷണ സംഘം ചോദ്യംചെയ്യത്. നേരത്തേ തയാറാക്കിയ ചോദ്യാവലികൾക്ക് അനുസൃതമായിത്തന്നെയാണ് ചോദ്യംചെയ്യൽ നടക്കുന്നത്.
വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇന്നു വൈകുന്നേരത്തോടെ തെളിവെടുപ്പിലേക്ക് കടക്കും എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ രാത്രി വൈകി നൽകിയ സൂചന. ചോദ്യംചെയ്യലിനും തെളിവെടുപ്പിനും മതിയായ സമയം ഉള്ളതിനാല് ഇതിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.