രണ്ട് ഓർഡിനൻസുകളിലും പിഎസ്സി അംഗത്തിന്റെ ഫയലിലും ഗവർണർ ഒപ്പുവച്ചു
സ്വന്തം ലേഖകൻ
Friday, December 8, 2023 7:02 AM IST
തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച രണ്ട് ഓർഡിനൻസുകളിലും പിഎസ്സി അംഗത്തിന്റെ നിയമന ശിപാർശയിലും ഒപ്പുവച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
പൊതു സ്ഥലത്തു മാലിന്യം തള്ളുന്നവർക്കു ശിക്ഷ വർധിപ്പിക്കുന്നതിനും ഹരിത കർമ സേനയ്ക്കു യൂസർ ഫീ നൽകാത്തതു വസ്തുനികുതി അടയ്ക്കാത്തതിനു തുല്യമായി പരിഗണിച്ചു നടപടി സ്വീകരിക്കുന്നതിനുമുള്ള രണ്ട് ഓർഡിനൻസുകളിലാണു ഗവർണർ ഒപ്പുവച്ചത്. ഇവ മന്ത്രിസഭ അംഗീകരിച്ചു ഗവർണർക്ക് അയച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിരുന്നു. ഇതു സംബന്ധിച്ചു സർക്കാരിൽനിന്നു വിശദീകരണം ലഭിച്ച സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം ഗവർണർ ഒപ്പുവച്ചത്.
പിഎസ്സി അംഗമായി അഡ്വ. സ്വാമിനാഥനെ നിയമിക്കണമെന്ന ശിപാർശയിലും ഗവർണർ ഒപ്പുവച്ചു. കേരള സർവീസ് ചട്ടങ്ങളിലെ ഭേദഗതി സംബന്ധിച്ച ഫയലിനും ഗവർണർ അംഗീകാരം നൽകിയിട്ടുണ്ട്. നിയമസഭ പാസാക്കിയ ഭൂമി പതിവ് നിയമ ഭേദഗതി ഉൾപ്പെടെ ഏതാനും ബില്ലുകളിൽക്കൂടി ഗവർണർ ഒപ്പുവയ്ക്കാനുണ്ട്.
ഇവയെക്കുറിച്ച് സർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. മുഖ്യമന്ത്രിയോ മന്ത്രിമാരോ നേരിട്ടെത്തി വിശദീകരിച്ചാൽ മാത്രമേ ഓർഡിനൻസുകളിൽ ഒപ്പുവയ്ക്കേണ്ടതുള്ളുവെന്നു ഗവർണർ നിലപാടു കടുപ്പിച്ചതിനു പിന്നാലെയാണു സർക്കാർ ദൂതൻമാരെത്തി ഗവർണറുമായി അനുരഞ്ജന ചർച്ച നടത്തിയത്. ഇതിനു പിന്നാലെയാണു ഫയലിൽ ഒപ്പുവച്ചത്.