വണ്ടിപ്പെരിയാറിനടുത്ത് ലോറി മറിഞ്ഞ് രണ്ടുപേർ മരിച്ചു
Friday, December 8, 2023 6:39 AM IST
വണ്ടിപ്പെരിയാർ: തൊഴിലാളികളുമായി എത്തിയ ലോറി താഴ്ചയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. ആസാം സ്വദേശികളായ ജൈറുൾഹഖ് (31), സിറാജലി (30) എന്നിവരാണു മരിച്ചത്.
ലോറിയിലുണ്ടായിരുന്ന അഞ്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കും ഡ്രൈവർക്കും എസ്റ്റേറ്റ് ലോഡിംഗ് തൊഴിലാളിക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെ തേങ്ങാക്കൽ എസ്റ്റേറ്റ് 110 ഭാഗത്തായിരുന്നു സംഭവം.
ലോറി 200 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. ആസാം സ്വദേശികളായ അമീർ ഹുസൈൻ (25), അസ്മുദിൻ (48), ഷാജഹാൻ അലി (30), നൂറുൾ ഹഖ് (50), അജീഷ് (40), ലോറി ഡ്രൈവർ അയ്യപ്പദാസ് 40, എസ്റ്റേറ്റ് ലോഡിംഗ് തൊഴിലാളി തേങ്ങാക്കൽ സ്വദേശി ലോറൻസ് (50) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും താലൂക്ക് ആശുപത്രിയിലും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി.
അപകടത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിലേക്കു വന്ന ഓട്ടോറിക്ഷ മറിഞ്ഞും അപകടം സംഭവിച്ചു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കു പരിക്കേറ്റിട്ടുണ്ട്.