കാഷ്മീർ വാഹനാപകടം : മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും
Friday, December 8, 2023 6:39 AM IST
പാലക്കാട്: കാഷ്മീരിൽ വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ സ്വദേശികളായ നാലുപേരുടെ മൃതദേഹങ്ങൾ ഇന്നു രാവിലെ നാട്ടിലെത്തിക്കും.
ടെക്നിക്കൽ ഹൈസ്കൂളിനു സമീപം നെടുങ്ങോട്ടിൽനിന്നും കാഷ്മീരിലേക്കു വിനോദസഞ്ചാരത്തിനു പോയ പതിമൂന്നംഗ സംഘത്തിലെ നാലുപേരാണു മരിച്ചത്. അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നു പുലർച്ചെയോടെ നെടുന്പാശേരിയിലെത്തിച്ച് ആംബുലൻസ് മാർഗം ചിറ്റൂരിലെത്തിക്കാനാണ് തീരുമാനം.
വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന രാജേഷ്, സുനിൽ, ശ്രീജേഷ്, അരുൺ, പി. അജിത്ത്, സുജീവ് എന്നിവരെയും ഇതേ വിമാനത്തിൽത്തന്നെ നാട്ടിലെത്തിക്കും. സൗറയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം സുഹൃത്തുക്കളായ ബാലൻ മുരുകൻ, ഷിജു എന്നിവർ അവിടെ തുടരും.
കേരള ഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ, അസിസ്റ്റന്റ് ലെയ്സൺ ഓഫീസർമാരായ ജിതിൻ രാജ്, അനൂപ് എന്നിവരാണ് ശ്രീനഗറിൽനിന്നുള്ള നടപടികൾക്കു നേതൃത്വം നല്‍കുന്നത്. സംസ്ഥാനസർക്കാരിന്റെ പ്രതിനിധിയായി കേരള ഹൗസിലെ അസിസ്റ്റന്റ് ലെയ്സൺ ഓഫീസർ ജിതിൻ രാജ് പാലക്കാട് ചിറ്റൂർ വരെ സംഘത്തെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൂര്‍ണമായും സംസ്ഥാനസര്‍ക്കാരിന്റെ ചെലവിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത്.