നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് അന്വേഷിക്കണമെന്നു കോടതി
Friday, December 8, 2023 6:39 AM IST
കൊച്ചി: നടന് ദിലീപ് പ്രതിയായ, നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
വസ്തുതാ അന്വേഷണം നടത്താന്‍ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിയോടാണു ജസ്റ്റീസ് കെ.ബാബു നിര്‍ദേശിച്ചത്. അന്വേഷണത്തിനായി പോലീസ് അടക്കമുള്ള ഏജന്‍സികളുടെ സഹായവും തേടാവുന്നതാണ്. നടിക്കു പറയാനുള്ള കാര്യങ്ങള്‍ രേഖാമൂലം ജില്ലാ ജഡ്ജിക്കു നല്‍കാം. അന്വേഷണത്തില്‍ എന്തെങ്കിലും കുറ്റകൃത്യം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കണം. അന്വേഷണം നടിയെ ആക്രമിച്ച കേസിന്റെ വിചാരണയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. നടിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാലുവില്‍ മാറ്റമുണ്ടായതായി കണ്ടെത്തിയതിനാല്‍ അന്വേഷണം വേണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. കോടതിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡ് മൂന്നു തവണ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ മാറ്റം വരുത്താന്‍ കഴിയുന്നതോ ആയ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
2018 ജനുവരി ഒമ്പതിന് രാത്രി 9.58, 2018 ഡിസംബര്‍ 13 ന് രാത്രി 10.58 എന്നീ സമയങ്ങളില്‍ നടത്തിയ പരിശോധന അനധികൃതമാണെന്നു വ്യക്തമാണ്. 2021 ജൂലൈ 19ന് പകല്‍ 12.19 മുതല്‍ 12.54 വരെ നടത്തിയ പരിശോധന സംബന്ധിച്ച് പ്രോസിക്യൂഷന് സംശയം ഉന്നയിക്കുന്നുണ്ട്. ഇരയുടെ താത്പര്യം സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇര അനുഭവിച്ച വൈകാരികവും മാനസികവുമായ ബുദ്ധിമുട്ട് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
മെമ്മറി കാര്‍ഡിന്റെ അനധികൃത പരിശോധന സംബന്ധിച്ച അന്വേഷണം നടത്തുന്നത് നീതിന്യായ സംവിധാനത്തിനു മേലുണ്ടായ കരിനിഴല്‍ നീക്കാന്‍ ഉപകരിക്കുമെന്നും കോടതി വ്യക്തമാക്കി.