കിഫ്ബി മസാല ബോണ്ട്: സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അനുമതി നല്കിയ ഉത്തരവ് റദ്ദാക്കി
Friday, December 8, 2023 6:39 AM IST
കൊച്ചി: കിഫ്ബി മസാല ബോണ്ടില്‍ സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് അനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് റദ്ദാക്കി. കിഫ്ബിയും മുന്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും നല്കിയ അപ്പീല്‍ ഹര്‍ജിയിലാണു നടപടി.
ഇഡി തുടര്‍ച്ചയായി സമന്‍സ് നല്കി ബുദ്ധിമുട്ടിക്കുന്നുവെന്ന് ആരോപിച്ചു നല്കിയ ഹര്‍ജിയില്‍ സമന്‍സ് നല്‍കുന്നത് ജസ്റ്റീസ് വി.ജി. അരുണ്‍ നേരത്തേ തടഞ്ഞിരുന്നു. ഈ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. ഏബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് തുടങ്ങിയവര്‍ക്ക് പുതിയ സമന്‍സ് തയാറാക്കി അയയ്ക്കാന്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് നവംബര്‍ 24ന് അനുമതി നല്‍കിയത്.
ഒരു സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് മറ്റൊരു ബെഞ്ചിന് നീക്കാനാകില്ലെന്നും ഇതു നിയമവിരുദ്ധമാണെന്നും ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും സമന്‍സ് ചോദ്യം ചെയ്തുള്ള ഹര്‍ജി സിംഗിള്‍ ബെഞ്ചു തന്നെ പരിഗണിക്കുമെന്നും ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
സാഹചര്യങ്ങളില്‍ ഒരു മാറ്റവും ഇല്ലാതിരിക്കെ കാരണങ്ങളില്ലാതെയാണു സമന്‍സ് അയയ്ക്കാന്‍ ഇഡിക്ക് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് അനുമതി നല്‍കിയതെന്നായിരുന്നു അപ്പീലിലെ ആക്ഷേപം.
മസാല ബോണ്ടുകളിറക്കിയതില്‍ നിയമലംഘനമുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി പുതിയ സമന്‍സ് അയയ്ക്കാനാണു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്.