മോശയെപ്പോലെ ഒരു പ്രവാചകൻ
Friday, December 8, 2023 6:39 AM IST
“അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് നിന്നെപ്പോലുള്ള ഒരു പ്രവാചകനെ അവർക്കുവേണ്ടി ഞാൻ അയക്കും. എന്റെ വാക്കുകൾ അവന്റെ നാവിൽ ഞാൻ നിക്ഷേപിക്കും. ഞാൻ കല്പിക്കുന്നതെല്ലാം അവൻ അവരോട് പറയും’’ (നിയ 18,18).
മോശയുടെ വിടവാങ്ങൽ പ്രസംഗം എന്ന പേരിൽ അറിയപ്പെടുന്ന നിയമാവർത്തന പുസ്തകത്തിലാണ് രക്ഷകനെ സംബന്ധിച്ച അടുത്ത പ്രവചനം പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ ജനത്തെ ദൈവഹിതം അറിയിച്ചതു മോശയാണ്. വാഗ്ദത്ത ഭൂമിയിൽ അവരെ ആരായിരിക്കും ദൈവഹിതം അറിയിച്ച് വഴിനയിക്കുക? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഇവിടെ ചർച്ചാ വിഷയമായ പ്രവചനം; ഇതിനു മോശയിലൂടെ ദൈവം നല്കുന്ന മറുപടിയാണ് മോശയെപ്പോലൊരു പ്രവാചകൻ.
ദൈവഹിതം അറിയാൻ കാനാൻകാരുടെ മന്ത്രവാദികളെയും വെളിച്ചപ്പാടൻമാരെയും സമീപിക്കരുത്. ദൈവം തന്നെ തന്റെ ഹിതം അറിയിക്കാൻ മോശയെപ്പോലുള്ള പ്രവാചകൻമാരെ നല്കിക്കൊണ്ടിരിക്കും. അവരെയാണ് നാം ശ്രവിക്കേണ്ടതും അനുസരിക്കേണ്ടതും. തുടർച്ചയായി വരുന്ന പ്രവാചകനിരയെക്കുറിച്ചുള്ള ഒരു വാഗ്ദാനമായിരുന്നു ആരംഭത്തിൽ ഈ പ്രവചനം. എന്നാൽ, ബിസി അഞ്ചാം നൂറ്റാണ്ടിന്റെ പകുതിയോടെ ഇസ്രയേലിൽ പ്രവാചകൻമാർ ഇല്ലാതായി. മലാക്കിയാണ് അവസാനത്തെ പ്രവാചകനായി പരിഗണിക്കപ്പെടുന്നത്.
ഇടമുറിയാതെ കടന്നുവരുന്ന ഒരു പ്രവാചകനിരയല്ല, മോശയെപ്പോലുള്ള പ്രവാചകൻ. അയാൾ യുഗാന്ത്യത്തിൽ വരുന്ന വലിയൊരു പ്രവാചകനായിരിക്കും. മോശ ചെയ്തതുപോലെ ജനത്തെ ആധികാരികമായി ദൈവഹിതം അറിയിക്കും. ശാശ്വതമായ മോചനം നൽകും. അവരെ ദൈവഹിതം ചെയ്തതുപോലെ ജനത്തെ ആധികാരികമായി മഓസ അറിയിക്കും. ശാശ്വതമായ മോചനം നൽകും. അവരെ ദൈവജനമാക്കി വളർത്തും. ഒരു പുതുയുഗം ഉദ്ഘാടനം ചെയ്യും. അങ്ങനെ മോശയെപ്പോലുള്ള പ്രവാചകൻ യുഗാന്ത പ്രവാചകനായി കരുതപ്പെട്ടു.
ഈ വിശ്വാസം ഈശോയുടെ കാലത്ത് പലസ്തീനായിൽ വ്യാപകമായിരുന്നു. നീ പ്രവാചകനാണോ എന്ന ചോദ്യവുമായി യോഹന്നാനെ സമീപിക്കുന്ന യഹൂദനേതാക്കൾ ഈ വിശ്വാസമാണ് പ്രകടമാക്കുക. സമറിയാക്കാരും ഇപ്രകാരം ഒരു വിശ്വാസം മേലുദ്ധരിച്ച പ്രവചനത്തിന്റെ വെളിച്ചത്തിൽ കാത്തു സൂക്ഷിച്ചിരുന്നുവെന്ന് കിണറ്റിൻകരയിൽവച്ച് ഈശോ കണ്ടുമുട്ടിയ സമറിയാക്കാരുടെ വാക്കുകൾ (യോഹ 4,19) സാക്ഷ്യപ്പെടുത്തുന്നു. വരാനിരിക്കുന്നവൻ എന്ന അർഥത്തിൽ താഹെബ് എന്നാണ് ആ പ്രവാചകൻ അറിയപ്പെട്ടിരുന്നത്. ഈശോയെ പ്രവാചകനായി ഏറ്റുപറഞ്ഞ ജനവും (മത്താ 21,11) കാഴ്ച കിട്ടിയ കുരുടനും (യോഹ 9,17) ഈ വിശ്വാസത്തിന് തെളിവാണ്.
നിരാശരായി ജറൂസലം വിട്ട് എമ്മാവൂസിലേക്കുപോയ ശിഷ്യൻമാർ അപരിചിതരായി കൂടെ നടന്ന ഈശോയ്ക്കു നൽകുന്ന മറുപടിയിൽ ഈ വിശ്വാസവും പ്രത്യാശയും വ്യക്തമാക്കുന്നു. “അവൻ ദൈവത്തിന്റെയും മനുഷ്യരുടെയും മുന്പിൽ പ്രവൃത്തിയിലും വാക്കിലും ശക്തനായ പ്രവാചകനായിരുന്നു. ഇസ്രയേലിനെ മോചിപ്പിക്കാനുള്ളവൻ ഇവനാണെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു.(ലൂക്കാ 24,19-20).
ഈശോയുടെതന്നെ വാക്കും പ്രവൃത്തിയും യുഗാന്ത പ്രവാചകന്റെതായിരുന്നു.(ലൂക്കാ 4,16-21). മുടന്തനു സൗഖ്യം നൽകിയതിനെത്തുടർന്ന് ഒരുമിച്ചുകൂടിയ ജനത്തിന് മുന്പിൽ ഈശോയ്ക്കു സാക്ഷ്യം വഹിക്കുന്ന പത്രോസ് ഈ പ്രവചനം ഈശോയിൽ പൂർത്തിയാക്കപ്പെട്ടതായി എടുത്തു പറയുന്നു.(അപ്പ 3,22). ദൈവഹിതം ആധികാരികമായി അറിയിച്ച് ജനത്തെ നയിക്കുന്നവനാണ് മോശയെപ്പോലുള്ള പ്രവാചകൻ.